തിരുവനന്തപുരം ∙ റേസിങ് ബൈക്കുകൾ തിരക്കേറിയ റോഡുകളിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും സംസ്ഥാന ഗതാഗത കമ്മിഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് 12 ലക്ഷത്തിന്റെ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചിരുന്നു. ഇതേപ്പറ്റിയുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ സന്ധ്യ ( 53) തൽക്ഷണം മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദും (24) മരിച്ചു. കോവളത്ത് ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു അരവിന്ദ്. കേസ് ഫെബ്രുവരി 28 ന് പരിഗണിക്കും.
English Summary: Human rights commission seeks report on illegal bike racing