ADVERTISEMENT

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമർപ്പിച്ച പ്രബന്ധം  വിദഗ്ധ സമിതിയെ നിയോഗിച്ചു പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പ്രോ വൈസ് ചാൻസലർ പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തെ നിലവിലെ എച്ച്ആർഡിസി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർവകലാശാല വൈസ് ചാൻസലർക്കും (വിസി) നിവേദനം നൽകി. കോളജ് അധ്യാപകർക്കു ഹൃസ്വകാല പരിശീലനം നൽകാൻ യുജിസിയുടെ നിർദേശാനുസരണം ആരംഭിച്ചതാണ് എച്ച്ആർഡിസി സെന്റർ.

ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും പകർത്തിട്ടുള്ളതാണെന്നതിനു വ്യക്തമായ തെളിവുകൾ പുറത്തു വന്നിരിക്കുകയാണെന്നു പരാതിയിൽ പറയുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നു പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. അക്കാദമിക് പ്രോഗ്രാമുകളുടെ സർഗ സ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത്.

സർവകലാശാല വൈസ് ചാൻസലർ, സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അതിനാൽ ക്രമക്കേടുകൾക്ക് വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

English Summary: Petition demands review of Chintha Jerome's PhD dissertation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com