ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്വാസകേലിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. വീട്ടുടമയും കൊല്ലപ്പെട്ടു.
പ്രാദേശിക സമയം വൈകിട്ട് 5.15ന് വീട്ടില്‍ കടന്നുകയറിയ രണ്ടു അജ്ഞാതരാണ് വെടിയുതിര്‍ത്തത്. പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് കമ്മിഷണര്‍ എന്‍.ലിലിയന്‍ മെനെ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ദക്ഷിണാഫ്രിക്ക. 6 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പ്രതിവര്‍ഷം ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഒറ്റ ദിവസം 19 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.
English Summary: Eight killed in mass shooting at birthday party in South Africa