ലണ്ടൻ∙ യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടുമുൻപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ തനിക്കെതിരെ മിസൈൽ ആക്രമണ ഭീഷണിയുയർത്തിയിരുന്നുവെന്ന് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫെബ്രുവരി 24ന് യുക്രെയ്നിലേക്ക് റഷ്യൻ സൈന്യത്തെ അയയ്ക്കുന്നതിനു മുൻപ് ഒരു ഫോൺ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം വന്നതെന്ന് ബിബിസിയുടെ ഡോക്യുമെന്ററിയിൽ അദ്ദേഹം പറയുന്നു.
‘‘അദ്ദേഹം ഒരു ഘട്ടത്തിൽ എന്നെ ഭീഷണിപ്പെടുത്തി. ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ താൽപ്പര്യമില്ല. പക്ഷേ ഒരു മിസൈൽ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ’’– പുട്ടിൻ പറഞ്ഞതായി ജോൺസൺ വെളിപ്പെടുത്തി. ‘‘ശാന്തമായ സ്വരത്തിലാണ് ഭീഷണിപ്പെടുത്തിയത്. റഷ്യയെ ചർച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നു’’ – ബോറിസ് കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പിന്തുണക്കാരിൽ ഒരാളായിരുന്നു ബോറിസ് ജോൺസൺ. യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതിനുള്ള ഒരു സാധ്യതയുമില്ലെന്ന് പുട്ടിനോട് പറഞ്ഞതായി ബോറിസ് പറയുന്നു. യുക്രെയ്‌ൻ അധിനിവേശത്തിനു മുന്‍പുള്ള വർഷങ്ങളിൽ പുട്ടിനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയാണ് ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. റഷ്യയുടെ ആക്രമണത്തിന് മുൻപ് നാറ്റോയിൽ ചേരാനുള്ള തന്റെ വിഫലമായ അഭിലാഷങ്ങളെക്കുറിച്ച് സെലെൻസ്കി പറയുന്നതും ഇതിൽ ഉൾപ്പെടുന്നു.
English Summary: Ukraine: Boris Johnson says Putin threatened him with missile strike