കോഴിക്കോട് ∙ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
മകന്റെ മൂന്ന് വയസ്സുള്ള കുട്ടിയാണു കളിക്കിടയിൽ കിണറ്റിൽ വീണത്. രക്ഷിക്കാനായി റംല കിണറ്റിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികൾ, കിണറ്റിൽ പരുക്കേൽക്കാതെ പൈപ്പിൽ പിടിച്ചുനിന്ന കുട്ടിയെ ആദ്യം രക്ഷിച്ചു. അപ്പോഴാണ് റംലയെ മരിച്ചനിലയിൽ കണ്ടത്. നരിക്കുനിയിൽനിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ: അസീസ്, നുസ്റത്ത്.
English Summary: Woman drowned after trying to escape grandson from well at Kozhikode