ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു ദ്രൗപദി മുർമു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണം. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളമാണ്. ആധുനിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നു. അഴിമതിയിൽ നിന്ന് മോചനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു.

ഇപ്പോഴത്തേത് സത്യസന്ധതയെ വിലമതിക്കുന്ന സർക്കാരാണെന്നും രാഷ്ട്രപതി പറഞ്ഞു. വികസനത്തിനൊപ്പം പ്രകൃതിയെയും പരിഗണിക്കുന്ന സർക്കാരാണിത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻനിരയിൽ നിൽക്കുന്നു. രാജ്യമാണ് സർക്കാരിന് പ്രഥമം. നയങ്ങളിൽ ദൃഢതയും ഇച്ഛാശക്തിയും ഉള്ള സർക്കാരാണ് ഇപ്പോഴത്തേത്. പാക്, ചൈന അതിർത്തികളിലെ സാഹചര്യം പരാമർശിച്ച രാഷ്ട്രപതി, രാജ്യം ഭീകരതെയ ശക്തമായി നേരിട്ടെന്ന് പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ 75–ാം വാർഷികം വികസിത ഭാരത നിർമാണകാലമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ദാരിദ്ര്യം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് പദ്ധതി പാവപ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കി. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്നു. ആരോടും സർക്കാർ വിവേചനം കാണിച്ചിട്ടില്ല. ആരും അന്യരല്ല എന്നതാണ് സർക്കാർ നയം. പാവപ്പെട്ടവനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. കോവിഡ് കാലത്ത് ആർക്കും പട്ടിണിയില്ലെന്ന് സർക്കാർ ഉറപ്പാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് 3.5 ലക്ഷം കോടി രൂപ ചെലവഴിച്ചു. പാവപ്പെട്ടവരെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചു. തെരുവു കച്ചവടക്കാർക്ക് പലിശ രഹിത വായ്പ നൽകി. സർക്കാർ ചെറുകിട കർഷകർക്ക് ഒപ്പം നിന്നു. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ കൂടുതലും സ്ത്രീകളാണെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീ ശാക്തീകരണമാണ് സർക്കാരിന്റെ മുഖ്യനേട്ടമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, പെൺകുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെട്ടുവെന്ന് പറഞ്ഞു. സ്കൂളിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. മുത്തലാഖ് നിരോധനവും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മിന്നാലാക്രമണവും പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകളിൽ വികസനം നടപ്പാക്കി. മാവോയിസ്റ്റ് ഭീഷണി ഗണ്യമായി കുറഞ്ഞു. സൈന്യത്തെ നവീകരിക്കാനും ചെരുപ്പമാക്കാനുമാണ് അഗ്നിപഥ് പദ്ധതി. ആത്മനിർഭർ ഭാരതിന്റെ ഗുണഫലം ലഭിച്ചു തുടങ്ങിയെന്ന് പറഞ്ഞ രാഷ്ട്രപതി, അയോധ്യയിൽ രാമക്ഷേത്രവും പുതിയ പാർലമെന്റ് മന്ദിരവും ഒരുങ്ങുന്നതിനെയും പ്രസംഗത്തിൽ എടുത്തുകാട്ടി.

∙ ‘ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു’

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഉന്മേഷത്തോടെയാണ് പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നു. സാധാരണക്കാരുടെ പ്രതീക്ഷ സഫലമാകുന്നതായും ഇത്തവണത്തെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം സ്ത്രീകളുടെയും ദലിത് വിഭാഗങ്ങളുടെയും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാ‍ർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി (ചിത്രം: എഎൻഐ, ട്വിറ്റർ)
നരേന്ദ്ര മോദി (ചിത്രം: എഎൻഐ, ട്വിറ്റർ)

∙ ബജറ്റ് സമ്മേളനത്തിന് തുടക്കം

രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. പഴയ പാർലമെന്റ് മന്ദിരത്തിൽത്തന്നെയാണു സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത്. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ടം പുതിയ പാർലമെന്റ് മന്ദിരത്തിലാകും നടക്കുക. അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ശ്രീനഗറിൽനിന്നുള്ള വിമാനങ്ങൾ വൈകുന്നതിനാൽ കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും മറ്റു കോൺഗ്രസ് എംപിമാരും ഇന്ന് പാർലമെന്റിൽ എത്തില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇവർ ശ്രീനഗറിലെത്തിയത്. 

സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ വയ്ക്കും. നാളെ രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സെഷനിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ 6നു സമാപിക്കുന്ന രണ്ടാം സെഷനിൽ ഉപധനാഭ്യർഥനകൾ, ബജറ്റ് ചർച്ച, ബജറ്റ് പാസാക്കൽ എന്നിവയുമുണ്ടാകും.

അദാനി ഓഹരികൾ പെരുപ്പിച്ചു കാണിച്ചതു സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ട്, ചൈനീസ് അതിക്രമം, ജാതി സെൻസസ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ചർച്ച നടത്തണമെന്നു ഇന്നലെ സർവകക്ഷി യോഗത്തിൽ പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ബിബിസി ഡോക്യുമെന്ററി നിരോധനം, ഗവർണർമാരുടെ അധികാര ദുർവിനിയോഗം എന്നിവയും ചർച്ചയായേക്കും. യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്, ആർജെഡിയുടെ മനോജ് ഝാ, ഡിഎംകെ, ഇടത് പാർട്ടികൾ തുടങ്ങിയവരുൾപ്പെടെയാണ് അദാനി വിഷയം ഉന്നയിക്കുകയും സമ്മേളനത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. സഭാ നടപടികൾ സുഗമമായി നടത്തുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടുന്നുവെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സർവകക്ഷി യോഗത്തിനു ശേഷം പറഞ്ഞു.

English Summary: Budget Session Begins Today With President Murmu's Address To Both Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com