മലപ്പുറം ∙ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ സുഹൈല്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. 2017ൽ റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയില്‍ നിന്നാണ് സുഹൈൽ കൈക്കൂലി വാങ്ങിയത്. എസ്ഐക്കായി 50,000 രൂപ കൈക്കൂലി വാങ്ങിയ ഏജന്‍റ് മുഹമ്മദ് ബഷീറും അറസ്റ്റിലായി.
ഇതേ പ്രതിയില്‍നിന്ന് ഐഫോൺ 14ഉം എസ്ഐ കൈപ്പറ്റിയിരുന്നു. ആദ്യം ലഭിച്ചത് കറുത്ത നിറത്തിലുള്ള ഫോണായിരുന്നു. എന്നാൽ നീല നിറത്തിലുള്ള ഫോൺ വേണമെന്ന് വാശിപിടിച്ച് ഏജന്റു മുഖേന ഇതു മടക്കിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെ ഏജന്റുവഴി 50,000 രൂപ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
പരാതിക്കാരൻ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി ഉയർന്ന പൊലീസ് ഉദ്യേഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടു നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ മലപ്പുറത്തെത്തി ഏജന്റിനെ ആദ്യം കുടുക്കുകയായിരുന്നു. തുടർന്നാണ് എസ്ഐയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്കു കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
English Summary: Crime Branch SI arrested for bribe at Malappuram