‘ബിജെപിയുമായുള്ള ഒത്തുകളി പുറത്തായിട്ടും സിപിഐ എന്തിനാണ് സിപിഎമ്മിനെ ചുമക്കുന്നത്?’

k-sudhakaran-6
കെ. സുധാകരൻ
SHARE

തിരുവനന്തപുരം ∙ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആര്‍എസ്എസ് പ്രതികള്‍ക്കായി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കേരള കോണ്‍ഗ്രസിലെ ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതു മുതല്‍ സിപിഐയെ മുന്നണിയിലും പൊതുജന മധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂർവമായ നിരവധി ശ്രമങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. സിപിഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Read also: വിവാഹേതര ബന്ധം; സൈനികർക്കെതിരെ നടപടിയെടുക്കാം: വ്യക്തത വരുത്തി സുപ്രീം കോടതി

കോട്ടയത്ത് പാലാ നഗരസഭാ അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനു വഴങ്ങിയ സിപിഎമ്മാണ് സിപിഐയെ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിനെന്നു മനസിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘‘ബിജെപി പ്രവര്‍ത്തകര്‍ക്കു വേണ്ടി സിപിഐ നേതാവ് ഇ.ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞതിനു പിന്നില്‍ സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയാണ് 2016ല്‍ അദ്ദേഹത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും പൊലീസിന് ഒപ്പിട്ടു നല്‍കിയ മൊഴികളില്‍ ബിജെപി പ്രവര്‍ത്തകരുടെ പേരുള്‍പ്പടെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സിപിഎം മൊഴി അട്ടിമറിച്ചത്. വധശ്രമക്കേസില്‍നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 11 പേരെ രക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അടുത്തിടെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതില്‍നിന്ന് തന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാണ്’ – സുധാകരന്‍ പരിഹസിച്ചു.

‘‘സിപിഎമ്മും ആര്‍എസ്എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം. സംഘപരിവാരങ്ങള്‍ക്കു വിടുപണി ചെയ്യുന്ന സിപിഎം ന്യൂനപക്ഷരക്ഷാ കവചം സ്വയം ചാര്‍ത്തി അവരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ സംരക്ഷകര്‍ സിപിഎമ്മാണ്. അതിനാലാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സിപിഎം നേതാക്കള്‍ കോടതിയില്‍ കൂറുമാറിയത്’ – സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran against CPM in attacking CPI leader E Chandrasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS