കൊച്ചി ∙ വഴിത്തർക്കത്തെ തുടർന്നു ജാതീയമായി അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിൽ റാന്നി സ്വദേശി സെബാസ്റ്റ്യൻ തോമസ് അറസ്റ്റിൽ. മുൻകൂർ ജാമ്യത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് അടിസ്ഥാനമായ കേസാണിത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനെ ഉൾപ്പെടെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചിരുന്നു. ജഡ്ജിക്കെന്ന പേരിൽ അഭിഭാഷകൻ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം.
കേസുമായി ബന്ധപ്പെട്ട് റാന്നി സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, കെ.ഇ. മാത്യു, ജിജോ വർഗീസ് ജോർജ്, എ.ടി. ജോയിക്കുട്ടി, ടോണി റോയ് മാത്യു, ഷേർളി ജോർജ് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവുകളാണ് ഹൈക്കോടതി പിൻവലിച്ചത്. കേസിലെ പരാതിക്കാർക്ക് നോട്ടിസ് നൽകിയിട്ടില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ ഉത്തരവിട്ടത്. പട്ടികജാതി വകുപ്പുകൾ പ്രകാരം റാന്നി പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. പട്ടികജാതി കോളനി ഇവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു തങ്ങളുടെ പൊതുവഴി അടയ്ക്കുകയും പൊതുകിണർ ഇടിച്ചുനിരത്തി ശുദ്ധജലം മുട്ടിക്കുകയും ചെയ്തെന്നും റജിസ്ട്രാർക്കു നൽകിയ പരാതിയിലുണ്ട്.
ഒന്നാം പ്രതി ബൈജു സെബാസ്റ്റ്യന്റെ പിതാവ് റിട്ടയേഡ് ഡിവൈഎസ്പി ആണ്. തനിക്കും തന്റെ കൂടെയുള്ളവർക്കും 50 ലക്ഷം രൂപ ചെലവുണ്ടെന്നും ഹൈക്കോടതിയിൽ പണം കൊടുത്ത് പട്ടികജാതി കേസുകൾ തോട്ടിൽ കളഞ്ഞു എന്നും പ്രതികളിലൊരാൾ പറഞ്ഞതായി ബിനു സി.മാത്യു എന്നയാൾ പറഞ്ഞ് അറിഞ്ഞു എന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി വിജിലൻസ് വിഭാഗവും പൊലീസും ഇവരിൽനിന്നു മൊഴിയെടുത്തിരുന്നു.
English Summary: Sebastian Thomas Arrested For Casteist Remark