ADVERTISEMENT

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കു കണ്ണുനട്ട്, വികസന ലക്ഷ്യങ്ങൾ മറക്കാതെ ധനമന്ത്രി നിർമല സീതാരാമൻ. റെയിൽവേയ്ക്കുള്ള വലിയ നീക്കിയിരിപ്പാണ് എടുത്തുപറയേണ്ട കാര്യം. ഇത് സർവകാല റെക്കോർഡാണ്. നികുതി ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ധനക്കമ്മി കഴിഞ്ഞവർഷത്തെ 6.4 ശതമാനത്തിൽനിന്ന് 5.9 ശമാനമായി കുറച്ചുകാണാൻ ധനമന്ത്രിക്കു കഴിയുന്നു. എന്തെങ്കിലുമൊക്കെ നൽകി എല്ലാവരെയും കൂടെനിർത്താനാണ് ശ്രമിച്ചിട്ടുള്ളത്. 

മുതലിറക്കി നേട്ടം കൊയ്യുക എന്ന ബിസിനസ് തന്ത്രം തന്നെയാണ് ധനമന്ത്രി ബജറ്റിൽ പ്രയോഗിച്ചിട്ടുള്ളത്; നേട്ടം സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലുംനിന്ന്  എത്തണമെന്നുതന്നെയാണ് ധനമന്ത്രിയുടെയും ബിജെപിയുടെയും പ്രതീക്ഷ. പണമിറക്കി വിപണിയെ സജീവമാക്കി നിർത്തുക എന്ന മൂലധനതന്ത്രം. കാർഷിക മേഖലയിൽ പണമെത്തിച്ചാലേ ഇന്ത്യ പോലൊരു രാജ്യത്തെ ചലനാത്മകമാക്കാൻ കഴിയൂ എന്ന് സർക്കാരിനറിയാം. കാർഷിക വായ്പകൾക്കായി 20 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. രാജ്യത്ത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനം വരെ കാർഷിക മേഖലയിൽനിന്നാണ്. തൊഴിൽസേനയിൽ 50 ശതമാനവും കൃഷി മേഖലയിലാണ്. കൃഷി തളിർത്താൽ സമ്പദ്‌വ്യവസ്ഥ പൂത്തുലയും. സ്വാഭാവിക കൃഷി രീതികളുടെ വികസനത്തിന് ഒരുകോടി കർഷകർക്ക് സഹായം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

Read more: കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ മാറ്റും: ധനമന്ത്രി

വലിയ പദ്ധതികൾക്ക് വലിയ തുക 

റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് വലിയ നീക്കിവയ്പാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. മൂലധന നിക്ഷേപമായി 10 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്. കഴിഞ്ഞതവണ ഇത് 7.5 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യ മേഖലയിൽ നടത്തുന്ന ദീർഘകാല നിക്ഷേപം തൊഴിലായും പണമായും ജനങ്ങളിലേക്കുതന്നെയാണ് എത്തുക. 

റെയിൽവേയ്ക്കായി നീക്കിവച്ച 2.4 ലക്ഷം കോടി രൂപയും കൂടി ഇതിന്റെ കൂടെ ചേർത്തുകാണണം. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ, കോച്ചുകളുടെ നവീകരണം, പാളങ്ങൾ മാറ്റിയിടുന്ന ജോലികൾ തുടങ്ങിയവയെല്ലാം തൊഴിൽമേഖലയ്ക്ക് ഉണർവുനൽകുമെന്ന കാര്യത്തിൽ സംശയമില്ല. 

Read also: ആദായനികുതി ഇളവിൽ അവ്യക്തത: ഗുണം പുതിയ സ്കീമിന് മാത്രം; കിഴിവ് ഇല്ലാതാകും

കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം കൂട്ടുക മാത്രമല്ല ചെയ്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ പണമിറക്കാൻ സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 50 വർഷം കാലാവധിയുള്ള വായ്പയായി 1.3 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഈ വർഷവും നൽകും. 

നഗര വികസനത്തിന് എല്ലാ വർഷവും 10,000 കോടി രൂപ, 50 പുതിയ വിമാനത്താവളങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജനയിൽ 79,000 കോടി രൂപ (മുൻ വർഷത്തെക്കാൾ 66% അധികം), തീരമേഖലയ്ക്ക് 6,000 കോടി രൂപ തുടങ്ങിയവയെല്ലാം വിപണിക്ക് ഉണർവേകും എന്നു കരുതാം. 

പണം എവിടെനിന്ന്

വരവും ചെലവും തമ്മിൽ വലിയ അന്തരമുണ്ട്. ചെലവ് വരവിനെക്കാൾ കൂടുതലാണ്. അതായത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.9% ആണ് ധനക്കമ്മി. അത്രയും തുക ആഭ്യന്തര കടമെടുപ്പിലൂടെയും ലഘു നിക്ഷേപ പദ്ധതികളിൽനിന്നും കണ്ടെത്തണം. 

കടമെടുപ്പിലൂടെയല്ലാതെ സർക്കാരിന് ഇത്തവണ വരവ് 27.2 ലക്ഷം കോടി രൂപയും ചെലവ് 45 ലക്ഷം കോടി രൂപയും ആയിരിക്കുമെന്നാണ് ബജറ്റ് രേഖകൾ പറയുന്നത്. ഇതിൽ നികുതി വരുമാനം 23.3 ലക്ഷം കോടി രൂപ. 

11.8 ലക്ഷം കോടി രൂപ കടപ്പത്രങ്ങളിലൂടെ വിപണിയിൽനിന്ന് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. വിപണിയിൽനിന്ന് കടമെടുപ്പിലൂടെ മൊത്തത്തിൽ കണ്ടെത്തേണ്ടത് 15.4 ലക്ഷം കോടി രൂപ. ബാക്കി പണം ലഘുനിക്ഷേപങ്ങളിലൂടെയും മറ്റും കണ്ടെത്തണം. 

കേരളത്തിനെന്ത്

കോംപൗണ്ടഡ് റബറിന്റെ ഇറക്കുമതി തീരുവ കൂട്ടിയതൊഴിച്ചാൽ കേരളത്തിന് വലിയ നേട്ടങ്ങൾ ഇല്ലെന്നുതന്നെ പറയാം. കേരളം നിലവിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപിലല്ല എന്നുള്ളതും ഭരിക്കുന്ന പാർട്ടിക്ക് ഇവിടെ താൽപര്യങ്ങൾ കുറവാണെന്നുള്ളതുംതന്നെയാകാം കാരണം. ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമായാണ് കൂട്ടിയത്. സ്വാഭാവിക റബറിൽ എന്തെങ്കിലുമൊക്കെ ഘടകങ്ങൾ ‍ചേർത്ത് ഇറക്കുമതി ചെയ്യുകയാണ് പതിവ്. കേരളത്തിലെ സ്വാഭാവിക റബറിന് സ്വാഭാവികമായും ഡിമാൻഡ് ഇല്ലാതാകും. ഇറക്കുമതി തീരുവ കൂട്ടിയതോടെ കമ്പനികൾക്ക് ഇറക്കുമതി അത്ര എളുപ്പമല്ലാതാകും. 

വന്ദേ ഭാരത് ട്രെയിനുകളിൽ ഏതെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, അതിനും സാധ്യത വളരെ വളരെക്കുറവാണ്. തിരഞ്ഞെടുപ്പ് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലേക്കാകും ട്രെയിനുകളിൽ കൂടുതലും ഓടുക. 

ലക്ഷ്യം തിരഞ്ഞെടുപ്പും

തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലുള്ള ഏക സംസ്ഥാനമായ കർണാടകയുടെ വരൾച്ച ബാധിത മേഖലയ്ക്കായി 5,300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമായതിനാൽ വന്ദേഭാരത് ട്രെയിനുകളടക്കം കൂടുതൽ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. 

ഒന്നും പറഞ്ഞില്ല

പ്രതീക്ഷിച്ച പല കാര്യങ്ങളിലും ബജറ്റ് ഒന്നും പറഞ്ഞില്ല. ഏറ്റവും പ്രധാനം തൊഴിലുറപ്പ് പദ്ധതിതന്നെ. പദ്ധതിക്കായി നീക്കിയിരിപ്പ് എത്രയെന്ന് ധനമന്ത്രി പറഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപനയെക്കുറച്ചോ സർക്കാർ ഓഹരി കുറയ്ക്കുന്നതിനെക്കുറിച്ചോ പരാമർശമില്ല. സർക്കാരിന്റെ പ്രധാന വരുമാന മാർഗമായി കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നത് പൊതുമേഖലാ ഓഹരി വിൽപനയാണ്. ലക്ഷ്യം കാണാനായില്ലെങ്കിലും എൽഐസി അടക്കം പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വിൽപനയിലൂടെ സർക്കാർ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിപിസിഎൽ അടക്കം ചില പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അതേക്കുറിച്ചൊന്നും ഇത്തവണ ഒരു പരാമർശവുമില്ല. 

English Summary: Analysis on Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com