ADVERTISEMENT

കൊച്ചി ∙ പുതിയ നികുതി ഘടനയിലേയ്ക്കു നികുതിദായകരെ കൊണ്ടു വരുന്നതിനു പ്രേരിപ്പിക്കുന്ന മാറ്റങ്ങളാണ് ബജറ്റിൽ ആദായനികുതിയിൽ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു വച്ചിരിക്കുന്നത്. പ്രധാനമായും 5 കാര്യങ്ങളാണ് ആദായ നികുതിയുമായി ബന്ധപ്പെട്ടു വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു നികുതി നൽകേണ്ടതില്ലായിരുന്നു. അതായത് ആദ്യ രണ്ടര ലക്ഷം വരെ നികുതി നൽകേണ്ട, അതിനു മുകളിൽ അഞ്ചുലക്ഷത്തിൽ താഴെയാണെങ്കിൽ റിബേറ്റ് അനുവദിച്ചു. ഇത് ഇനി അഞ്ചു ലക്ഷം രൂപ വരെ എന്നത് ഏഴു ലക്ഷം ആക്കി മാറ്റിയിട്ടുണ്ട്.

ഏഴു ലക്ഷം രൂപ വരെയുള്ളവർക്ക് നികുതി നൽകേണ്ടതില്ല എന്നാണ് വയ്പ്. പക്ഷേ ഇത് കഴിഞ്ഞ ബജറ്റിൽ നടപ്പാക്കിയ പുതിയ നികുതി ഘടന തിരഞ്ഞെടുത്തു മാറിയവർക്കു മാത്രമായിരിക്കും. പുതിയ നികുതി ഘടനയിൽ അല്ലാത്തവർക്ക് അഞ്ചു ലക്ഷം തന്നെയായിരിക്കും പരമാവധി ഒഴിവുണ്ടാകുക എന്നാണ് വ്യക്തമാകുന്നത്. അതുപോലെ അടിസ്ഥാന ഒഴിവു പരിധി രണ്ടര ലക്ഷമായിരുന്നത് മൂന്നു ലക്ഷമാക്കിയിട്ടുണ്ട്. അതായാത് 50,000 രൂപയ്ക്കു കൂടി നികുതി ഒഴിവാക്കി നൽകി.

ധനമന്ത്രി നിർമല സീതാരാമൻ. ചിത്രം: Sajjad HUSSAIN/AFP
ധനമന്ത്രി നിർമല സീതാരാമൻ. ചിത്രം: Sajjad HUSSAIN/AFP

പുതിയ നികുതി ഘടനയിലേയ്ക്കു മാറുന്ന നികുതി ദായകർക്ക് ചാപ്റ്റർ 6എ പ്രകാരമുള്ള കിഴിവുകൾ ഒന്നും ഉണ്ടായിരിക്കില്ല. 80 സി, 80ഡി ഇങ്ങനെയുള്ള ഇളവുകൾ ഒന്നും പുതിയ ഘടന തിരഞ്ഞെടുക്കുന്നവർക്കു ബാധകമായിരിക്കില്ല.

ആദായനികുതി കാല്‍ക്കുലേറ്റര്‍

സ്ഥിരസ്ഥിതി ഇനി പുതിയ നികുതി ഘടന

ഇതുവരെ പുതിയ നികുതി ഘടനയിലേയ്ക്കു മാറണമെങ്കിൽ അതു പ്രത്യേകം തിര‍ഞ്ഞെടുക്കണമായിരുന്നെങ്കിൽ ഇനി സ്ഥിര സ്ഥിതി (by default) പുതിയ നികുതി ഘടനയായിരിക്കും എന്നതു ശ്രദ്ധേയമാണ്. പഴയ ഘടനയിൽ തന്നെ തുടരണമെങ്കിൽ നികുതിദായകൻ അതു പ്രത്യേകം തിരഞ്ഞെടുത്തു നൽകണം. അല്ലെങ്കിൽ പുതിയ ഘടനയിലേയ്ക്കു മാറിയതായി പരിഗണിക്കപ്പെടും. ആദായ നികുതിയിൽ ഇളവുകൾ ലഭിക്കുന്നതിനായി ദീർഘകാല പദ്ധതികൾ തിരഞ്ഞെടുത്തിട്ടുള്ളവർക്ക് അതിൽ തുടരാൻ അവസരമുണ്ടെങ്കിലും അക്കാര്യം നികുതി നൽകുന്ന സമയത്തു പ്രത്യേകം ഓർമിക്കണം എന്നർഥം.

Read Also: വിദ്യാര്‍ഥിനിയെ വെട്ടിയ യുവാവ് പിടിയിൽ; കുരുക്കിയത് മൂന്നാറിലെ കൊടുംതണുപ്പ്‌...

സ്ലാബുകൾ ചുരുക്കി

പുതിയ നികുതി ഘടനയിൽ വരുമ്പോൾ ഇതുവരെ ഓരോ രണ്ടര ലക്ഷം വച്ച് സ്ലാബുകൾ ഉണ്ടായിരുന്നത് പുതിയ ബജറ്റിൽ ചുരുക്കി‌. പുതിയ നികുതി ഘടനയിലുള്ളവർക്കു മാത്രമാണ് ഇതെന്നതു പ്രത്യേകം ഓർക്കണം. മൂന്നു ലക്ഷം വരെ നികുതി ഇല്ല, മൂന്നിനു മുകളിൽ ആറു ലക്ഷം വരെ അഞ്ചു ശതമാനം, ആറു മുതൽ ഒമ്പതു ലക്ഷം വരെ 10 ശതമാനം, 9 ലക്ഷത്തിനു മുകളിൽ 12 ലക്ഷം വരെ 15 ശതമാനം, 12 ലക്ഷത്തിനു മുകളിൽ 15 ലക്ഷം വരെ 20 ശതമാനം, 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം ഇങ്ങനെ സ്ലാബുകളിലേയ്ക്കു മാറി.

‌ഇതും പുതിയ നികുതി ഘടനയിൽ ഉള്ളവർക്കു മാത്രമായിരിക്കും. പഴയ ഘടന തിരഞ്ഞെടുക്കുന്നവർക്കു പഴയ സ്ലാബുകൾ തന്നെ തുടരും. ഇതുവരെ പഴയ നികുതി ഘടനക്കാർക്കു മാത്രമുണ്ടായിരുന്ന ശമ്പള വരുമാനക്കാരുടെ അടിസ്ഥാന കിഴിവ് 50,000 രൂപ എന്നതു പുതിയ സ്കീമിലുള്ളവർക്കും ലഭ്യമാക്കി.

ഉയർന്ന സ്ലാബിലുള്ളവർക്കും നേട്ടം

രണ്ടു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്കുള്ള സർചാർജ് പരമാവധി 37 ശതമാനം എന്നത് 25 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന സ്ലാബിൽ വരുന്നവരെ ബാധിച്ചിരുന്നതാണ് ഇത്. ഇതോടൊപ്പം ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമായിരുന്നത് 39 ശതമാനമായി കുറച്ചിട്ടുണ്ട്.

Read Also: സ്വര്‍ണം, വെള്ളി, വസ്ത്രം, സിഗരറ്റ് വില കൂടും; മൊബൈൽ ഫോൺ ഘടകങ്ങൾ, ക്യാമറ വില കുറയും...

ലീവ് കാശാക്കിയാൽ നികുതി ഇളവ്

ജോലിയിൽനിന്നു വിരമിക്കുന്ന സമയത്ത് ലീവുകൾ കാശാക്കി മാറ്റുമ്പോൾ കിട്ടിക്കൊണ്ടിരുന്ന നികുതി ഇളവുണ്ടായിരുന്നത് 3 ലക്ഷം എന്നതിൽനിന്ന് 25 ലക്ഷത്തിലേയ്ക്ക് ഉയർത്തി. ഇത്തരത്തിലുള്ള എൻക്യാഷ്മെന്റ് സർക്കാർ ഉദ്യോഗസ്ഥർക്കു പൂർണമായും നികുതിമുക്തമാണ്. ഇനി ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് 25 ലക്ഷം വരെ റിട്ടയർമെന്റ് സമയത്തു നികുതി നൽകാതെ കൈപ്പറ്റാം.

English Summary: Finance Minister Nirmala Sitharaman makes new tax regime attractive, rebate limit Rs 7 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com