കോഴിക്കോട്∙ കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ പ്രവാസി യുവാവ് ദീപക്കിനെ കണ്ടെത്തി. ഗോവയിലെ പനജിയില്‍ നിന്നാണ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്‍റെ മൃതദേഹം ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ 7നാണ് മേപ്പയ്യൂരിലെ വീട്ടില്‍ നിന്ന് ദീപക്കിനെ കാണാതാവുന്നത്. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. പിന്നീട് ജൂലൈ 17ന് ദീപക്കിനോട് സാദൃശ്യമുള്ള മൃതദേഹം കൊയിലാണ്ടി തീരത്തടിഞ്ഞു. ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചു. ചിലര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റേതായിരുന്നു മൃതദേഹമെന്ന് കണ്ടെത്തി. ഇതോടെയാണ് ദീപക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായത്.
ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് ഗോവയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ദീപക്കിന്‍റെ ചിത്രവും മറ്റു വിവരങ്ങളും ഗോവ പൊലീസിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ദീപക്കിനെ ഗോവ മഡ്ഗാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്‍റെ കയ്യില്‍ നിന്നും തിരിച്ചറിയില്‍ കാര്‍ഡ് ലഭിച്ചതായി മഡ്ഗാവ് പൊലീസ് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ദീപക്കിനെ തിരികെ എത്തിക്കാനായി അന്വേഷണ സംഘം ഗോവയിലെത്തി.
English Summary: Missing man from Kozhikode found in Goa