തിരുവനന്തപുരം∙ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ 637 പേര്‍ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍. പാര്‍ലമെന്റ് പാസാക്കിയ കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിയല്ലെന്നും ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിക്കുകയാണെന്നും അവരുടെ ആത്മവീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുകയാണെന്നും ജനങ്ങളുടെ സ്വത്തും ജീവനും നഷ്ടപ്പെടുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വനമേഖലയില്‍ ജനങ്ങള്‍ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും ആളുകള്‍ മരിച്ചാലേ നടപടിയെടുക്കൂ എന്ന അവസ്ഥ മാറണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
English Summary: people died in wild animal attacks across kerala