ADVERTISEMENT

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്റെ കുറിപ്പ്...

കേരള സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എഴുതുമ്പോൾ ഒരു ഫ്ലാഷ് ബാക്കിലേക്കു പോകാതെ നിർവാഹമില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിലായിരുന്നപ്പോൾ അഞ്ചു വർഷവും ബജറ്റിന്റെ വിലയിരുത്തലിനെക്കാൾ അക്കാലത്തെ പത്രങ്ങളും മാധ്യമങ്ങളും പ്രാധാന്യം കൊടുത്തത് മന്ത്രിയുടെ അവതരണശൈലിക്കും ധനകാര്യബാഹ്യമായ പൊലിപ്പിക്കലുകൾക്കുമായിരുന്നു. മലയാളസാഹിത്യത്തിലെ പ്രതിഭാധനരായ പഴയകാല എഴുത്തുകാരുടെ കൃതികളിൽ നിന്നുള്ള വരികൾ, പുതിയ കാലത്തെ എഴുത്തുകാരികളുടെ കവിതാ ശകലങ്ങൾ, നമ്മുടെ മിടുക്കരായ സ്കൂൾകുട്ടികളുടെ രചനകൾ തുടങ്ങിയവ മേമ്പൊടിയായി ചേർത്തു മണിക്കൂറുകൾ നീണ്ട അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം അവതരണത്തിൽ സർഗാത്മകവും ഉള്ളടക്കത്തിൽ വസ്തുതകളോട് നീതി പുലർത്താത്തതും ആയിരുന്നു. അതിന്റെ ഗുണപരമായ മേന്മക്കുറവു പ്രതിപക്ഷവും ചില ധനകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഫാസ്റ്റ് ഫുഡിനു മേലുള്ള നികുതി അടക്കം രാജ്യാന്തര മാധ്യമശ്രദ്ധ നേടിയ ആ പ്രഖ്യാപനങ്ങൾ ഇന്നും ജലരേഖയായി നിലനിൽക്കുന്നു.

എന്തായാലും തോമസ് ഐസക്കിന്റെ കപടമായ ആത്മവിശ്വാസം ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രകടിപ്പിക്കുന്നില്ല. ഇന്ത്യയിൽ ഏറ്റവും മോശപ്പെട്ട ധനകാര്യ മാനേജ്മെന്റുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ 2022 റിപ്പോർട്ടിൽ പരാമർശിക്കുമ്പോൾ വസ്തുതകൾ ഇനിയും എങ്ങനെ മൂടിവെക്കാനാകും?. ഈ പ്രതിസന്ധി കേരളത്തിലെ സർക്കാർ 2016 മുതൽ വരുത്തിവച്ചതാണ്. മോശപ്പെട്ട സാമ്പത്തിക മാനേജ്മെന്റും നികുതി ചോർച്ചയും അഴിമതിയും ധൂർത്തും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും കാരണം തന്നെയാണ് കേരളം ഈ അവസ്‌ഥയിലെത്തിയത്. യുഡിഎഫ് അടുത്തിടെ പുറത്തിറക്കിയ ധവളപത്രത്തിലെ പ്രധാന പരാമർശങ്ങളിലേക്ക് ഈ പശ്ചാത്തലത്തിൽ ഒന്നു കണ്ണോടിക്കാം.

1) താളം തെറ്റിയ ധനസൂചികകൾ

രണ്ടാം പിണറായി സർക്കാർ ഗുരുതരമായ ധന പ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളി വിട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ധനസ്ഥിതിയെ വിലയിരുത്തുവാൻ ഉപയോഗിക്കുന്ന റവന്യൂ കമ്മി, ധനക്കമ്മി എന്നീ സൂചികകൾ വെച്ച് പരിശോധിക്കുമ്പോൾ മുൻവർഷങ്ങളെക്കാൾ രൂക്ഷമാണ് ധന പ്രതിസന്ധി എന്ന് ബോധ്യമാകും. ഇക്കാര്യം സിഎജിയും കണ്ടെത്തിയിട്ടുണ്ട്. 2021 - 22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി 37,656 കോടിയായി ഉയർന്നിരിക്കുകയാണ്. ഇതിൽ ആ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനെ (30,697) അപേക്ഷിച്ചു 6,959 കോടി രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്‌ഡി‌പി യുടെ അനുപാതം 3.50% ൽ നിന്നും 4.17% ആയി ഉയർന്നു

KN-Balagopal
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

2) കടം കയറിയ കേരളം

എല്ലാ സംസ്ഥാനങ്ങളും രാജ്യങ്ങളും കടമെടുക്കാറുണ്ട്. പക്ഷേ കൂടുതൽ വികസനോത്മുഖമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. ഈ ഒരു തത്വം മനസ്സിലാക്കാതെ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കടമെടുപ്പിൽ ഒന്നാം സ്ഥാനത്ത് കേരളം എത്തിയിരിക്കുകയാണ്. കടത്തിന്റെ കണക്കിൽ കേരളം നിൽക്കുന്നത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, കർണാടക പോലെയുള്ള വലിയ സംസ്ഥാനങ്ങളോടാണ്.

2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം കടം 3,71,692.19 രൂപയാകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. കിഫ്ബി തിരിച്ചടവിലെ 13,000 കോടിയും സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിലെ 7800 കോടിയും ചേർത്താൽ ബജറ്റിൽ രേഖപ്പെടുത്താത്ത 20,800 കോടി രൂപ ഈ സർക്കാർ വരുത്തിയ ബാധ്യതയാണ്. ഈ ഇരുപതിനായിരത്തി എണ്ണൂറ് കോടി രൂപയുടെ ബാധ്യതയും പൂർണ്ണമായി കേരള സർക്കാരിന്റെതാണ്. അങ്ങനെ വരുമ്പോൾ കേരളത്തിന്റെ ഇതുവരെയുള്ള കടമെടുപ്പിൽ ഈ സംഖ്യകൾ ചേർക്കേണ്ടിവരും. അപ്പോൾ കേരളത്തിന്റെ മൊത്തം കടം 4 ലക്ഷം കോടി രൂപയോളമായി ഉയരും.

3) നികുതിചോർച്ച

സംസ്ഥാന സർക്കാരിന്റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് തെളിയിക്കുന്നതു നികുതിപിരിവിലെ വീഴ്ചയാണ്. 2016 ൽ അധികാരത്തിൽ വന്ന വർഷം മുതൽ എല്ലാവർഷവും 25% നികുതി പിരിവ് വർധിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ മോശമായ നികുതി പിരിവാണ് കേരളത്തിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷം നികുതിയിനത്തിൽ പിരിച്ചെടുക്കേണ്ട എഴുപതിനായിരം കോടി രൂപ പിരിച്ചെടുത്തിട്ടില്ല എന്ന് മാത്രമല്ല സ്വർണക്കടത്തുകാരുടെയും നികുതി വെട്ടിപ്പുകാരുടെയും പറുദീസയായി കേരളം മാറുകയും ചെയ്തു. ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുക്കാൻ സാധ്യമാകാത്തത് 2019 മുതൽക്കാണ്. ഉദാഹരണമായി 2019-20 ൽ 15,461 കോടി രൂപ, 2020-21 ൽ 19,759 കോടി, 2021-2022 ൽ 13,492 കോടി രൂപ പിരിച്ചിട്ടില്ല. ഇതെല്ലാം കൂടി ചേർക്കുമ്പോൾ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിക്കാൻ സാധിക്കാത്ത തുക 70,000 കോടിയാണ്.

ചരക്കുസേവന നികുതി (ജിഎസ്‌ടി) വരുന്നതോടെ 25 മുതൽ 30 ശതമാനം വരെ നികുതി വരുമാനത്തിൽ വർധന ഉണ്ടാകുമെന്നാണ് മുൻപ് അന്നത്തെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിഭവസമാഹരണത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയമായ സമീപനത്തിലേക്കുമാണ് ഇത് വിരൽചൂണ്ടുന്നത്. ജിഎസ്ടി വന്നപ്പോൾ പരോക്ഷനികുതി പിരിവിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സേവന നികുതി പിരിക്കാനുള്ള സുവർണ്ണാവസരമാണ് സംസ്ഥാന സർക്കാരിന് കൈവന്നത്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 58% വും സേവന മേഖലയിൽനിന്നാണ് ലഭിക്കുന്നത്. കേരളത്തിൽ ഇത് 64 ശതമാനമാണ്. എന്നാൽ കേരളത്തിലെ സേവന മേഖലയിൽ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിലും നികുതിവെട്ടിപ്പ് തടയുന്നതിലും സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു

തോമസ് ഐസക് (Photo: JOSEKUTTY PANACKAL / MANORAMA)
തോമസ് ഐസക് (Photo: JOSEKUTTY PANACKAL / MANORAMA)

4) കിഫ്‌ബിയുടെ അകാലചരമം

വ്യക്തിപരമായി ഞാൻ ഏറ്റവും പഴി കേട്ടിട്ടുള്ളത് കിഫ്ബിയെ വിമർശിച്ചതിനാണ്. നാളിതുവരെ 962 പദ്ധതികൾക്കായി 73,908 കോടി രൂപയുടെ പദ്ധതികൾ അംഗീകാരം നൽകിയതിൽ വെറും 6,201 കോടി രൂപയുടെ പദ്ധതികൾ മാത്രമാണ് കിഫ്ബി പൂർത്തികരിച്ചത്. ഇപ്പോൾ കിഫ്ബിയിൽ ശേഷിക്കുന്നത് 3,420 കോടി രൂപ മാത്രമാണ്. എങ്ങനെയാണ് ഇനി ഇത്രയും ഭീമമായ പദ്ധതികൾ പൂർത്തികരിക്കാൻ കഴിയുന്നത്.

കിഫ്‌ബി സാധാരണ ജനത്തിനു മേൽ അധിക നികുതി അടിച്ചേൽപ്പിക്കും എന്ന് പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചത് ശരിയാണ് എന്ന് തെളിയിക്കുന്നതാണ് കിഫ്ബിയിലേക്ക് ഒഴുകുന്ന മോട്ടോർ വാഹന നികുതി ഉയർത്തിയത്. അത് ഒടുവിൽ സാധാരണ ജനത്തിനു മേൽ നികുതി ഭാരമായി വന്നു ചേരുകയും ചെയ്യുന്നു. ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു കിഫ്‌ബി എന്നാണ് ഇതിൽ നിന്നും തെളിയുന്നത്.

5) സാധാരണക്കാരനെ മറന്ന സർക്കാർ

ഏറ്റവും പാവപ്പെട്ട ജനതയുടെ വോട്ടു നേടി രണ്ടു തവണ അധികാരത്തിൽ വന്ന സർക്കാർ അവരെ മറന്നു പണക്കാർക്ക് വേണ്ടി മാത്രം നിലകൊള്ളുകയാണ്. അധികാരത്തിൽ വന്നാൽ വിലക്കയറ്റം ഉണ്ടാകില്ല, ഒന്നിനും നിരക്കു കൂട്ടുകയില്ല എന്ന് പറഞ്ഞിട്ട് ഇന്ന് സർക്കാർ സേവനങ്ങൾക്കുള്ള വില വർധിപ്പിക്കുകയാണ്. അതോടൊപ്പം സമൂഹത്തിലെ ഏറ്റവും അപ്രാപ്യരായവർക്ക് ഉള്ള ആനുകൂല്യങ്ങളിൽ പോലും മുടക്കം ഉണ്ടായിരിക്കുന്നു. ചില ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു

∙ അടുത്തിടെ വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടുവാൻ തീരുമാനിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റിൽ പ്രതിമാസം 300 മുതൽ 400 രൂപ വരെ വർധന ഉണ്ടാക്കാൻ സാധ്യതയുണ്ട്.
∙ കെഎസ്ഇബി ലാഭത്തിൽ ആണെന്ന് പറയുമ്പോഴും സംസ്ഥാനത്തിന്റെ വൈദ്യുതി നിരക്ക് 6% വർദ്ധിപ്പിച്ചു.
∙ സംസ്ഥാനത്തിന്റെ ബസ് ഓട്ടോ ടാക്സ് നിരക്ക് വർധിപ്പിച്ചു. കുറഞ്ഞ ബസ് നിരക്ക് 8 രൂപയിൽ നിന്നും 10 രൂപയാക്കി.
∙ സാധാരണക്കാർക്ക് ആശ്വാസമായ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും നൽകേണ്ട 400 കോടി രൂപ ഇതുവരെ നൽകാതെ മാറ്റിവെച്ചിരിക്കുകയാണ്.
∙ കോവിഡ് സമയത്തും മറ്റും പഞ്ചായത്തുകളിൽ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഫണ്ട് ഏകദേശം 15 കോടി രൂപ കുടിശികനൽകുവാൻ ഉണ്ട്.
∙ നെല്ല് സംഭരണത്തിൽ സപ്ലൈകോ കർഷകർക്ക് 222 കോടി രൂപ നൽകേണ്ടതുണ്ട്.
∙ കിടപ്പു രോഗികളെ പരിചരിക്കുന്നവർക്കുള്ള സഹായധനം അഞ്ച് മാസം കുടിശിക.
∙ സ്നേഹപൂർവ്വം പദ്ധതിയിൽ ഏകദേശം 15 കോടി രൂപ കുടിശിക.
∙ മാതാപിതാക്കൾ മരിച്ചുപോയ കുട്ടികളുടെ ധനസഹായത്തിൽ പത്തു മാസത്തെ കുടിശിക.
∙ വിദ്യാർത്ഥികൾക്ക് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് ഒരു വർഷമായി വിതരണം ചെയ്യുന്നില്ല.

കേരളത്തിലെ പൊതു മേഖലയും കാർഷികമേഖലയും ത്രിതല പഞ്ചായത്തുകളും ഇതേ പോലെ തന്നെ പണമില്ലാതെ താഴോട്ട് വളരുകയാണ്. ഇതൊന്നും കാണാതെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവുമായി സർക്കാർ കൂസലില്ലാതെ മുന്നോട്ട് പോകുന്നു.

∙ കേന്ദ്ര സർക്കാർ നിലപാടുകൾ

കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നിലപാടുകളും കേരളത്തിന്റെ സാമ്പത്തിക തളർച്ചയ്ക്ക് ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. നോട്ട് പിൻവലിക്കൽ നടപടിയും ജിഎസ്‌ടിയുടെ വികലമായ നടപ്പിലാക്കലും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളം പോലുളള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി കൂടുതൽ കേന്ദ്രീകരണം നടത്തുന്നതും കേരളത്തെ ബാധിക്കുന്നു. യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പോലത്തെ ജനക്ഷേമ പദ്ധതികളും താളം തെറ്റിക്കാൻ നോക്കുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കിയതോടെ കേരളത്തിന്റെ കേന്ദ്രവിഹിതം രണ്ടര ശതമാനത്തിൽ നിന്ന് 1.925 ആയി കുറഞ്ഞു. കേന്ദ്രവും കേരളവും തമ്മിലുള്ള ഈ പോരാട്ടവും ആത്യന്തികമായി ബുദ്ധിമുട്ടിലാക്കുന്നത് കേരളത്തിലെ സാധാരണക്കാരെയാണ്.

ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഫെബ്രുവരി മൂന്നാം തീയതി ബജറ്റ് അവതരിപ്പിക്കുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ല. പുതിയ പദ്ധതികളും കുറവായിരിക്കും. സർക്കാർ ഇനിയും ശ്രദ്ധ ചെലുത്തേണ്ടത് റവന്യൂ വരുമാനം കൂട്ടാനും പുതിയ സ്ഥാപനങ്ങൾ കൊണ്ടുവരുവാനും നികുതി വളർത്തുവാനും ആയിരിക്കണം. അതോടൊപ്പം ഇപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അനാവശ്യ ചെലവുകൾക്കൊക്കെ ഒരു മൊറട്ടോറിയം സർക്കാർ പ്രഖ്യാപിക്കണം. മറ്റൊരു ശ്രീലങ്കയും പാക്കിസ്ഥാനും കേരളത്തിൽ ആവർത്തിക്കരുത്.

English Summary: Youth Congress State Vice President KS Sabarinadhan on Kerala's Financial Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com