തിരുവനന്തപുരം∙ കൃഷിമന്ത്രി പി.പ്രസാദിന്‍റെ ഇസ്രയേല്‍ യാത്ര നിശ്ച്ചയിച്ചത് സിപിഐ അറിയാതെ. പാര്‍ട്ടിയോട് ആലോചിക്കാതെ യാത്രയുടെ ഉത്തരവിറങ്ങിയത് സിപിഐ സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സിപിഐ അറിയിച്ചു. നേതൃത്വം അറിയിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടപെട്ട് യാത്ര വെട്ടിയത്.
ഇസ്രയേലിലെ കാര്‍ഷികമേഖലയെപ്പറ്റി പഠിക്കുന്നതിനാണ് മന്ത്രി പി.പ്രസാദിന്‍റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത്. കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉത്തരവിറങ്ങുന്നതിന് മുന്‍പ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിയുള്‍പ്പടെയുള്ള നേതാക്കളുടെ അനിഷ്ടത്തിനിടയാക്കി.
Read also: കേരളം ഈ മാസം പൊളിക്കും 2506 വാഹനങ്ങൾ; 15 വർഷത്തിനുമേൽ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ 6153
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശയാത്ര നിശ്ചയിച്ചത് ഒരു തലത്തിലുമുള്ള കൂടിയാലോചനയില്ലാതെയാണെന്നാണ് പാർട്ടിയുടെ ആക്ഷേപം. പാര്‍ട്ടിക്ക് ആശയപരമായി വൈരുധ്യമുള്ള ഇസ്രയേലിലേക്ക് യാത്രയ്ക്ക് പി.പ്രസാദ് ഒരുങ്ങിയത് അവിടുത്തെ രാഷ്ട്രീയ സാഹചര്യം പോലും നോക്കാതെയാണെന്നും ആക്ഷേപമുണ്ട്.
ഇസ്രയേല്‍ –പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെതിരെ ജനയുഗം നിരന്തരം മുഖപ്രസംഗം എഴുതുമ്പോള്‍ പ്രസാദ് ഇസ്രയേലിലേക്ക് പോകുന്നത് ഉചിതമാണോ എന്നതും പാര്‍ട്ടിയില്‍ തര്‍ക്കവിഷമാണ്. കാനം രാജേന്ദ്രന്‍റെ വിശ്വസ്തനായ മന്ത്രിയില്‍ നിന്ന് ഔചിത്യമില്ലാതെ നീക്കമുണ്ടായത് എതിര്‍ചേരി ആയുധമാക്കും. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രളയത്തിനിടെ വിദേശയാത്ര നടത്തി വനംമന്ത്രി കെ. രാജു വിവാദത്തിലായതിന്‍റെ ക്ഷീണം പാര്‍ട്ടിക്ക് ഇനിയും മാറിയിട്ടില്ല.
English Summary: Israel trip of agriculture minister P.Prasad and his team postponed