ADVERTISEMENT

തിരുവനന്തപുരം∙ കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. സിപിഎമ്മിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ ചവിട്ടുപടി കയറുന്നത് ലഹരിമരുന്നു കടത്തിലെ പണം ഉപയോഗിച്ചാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് മാത്യു കുഴൽ നാടൻ പറഞ്ഞു. ഇതോടെ, ഭരണപക്ഷം എതിർപ്പുമായി രംഗത്തെത്തി.

സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും വിളിച്ചു പറയാനാകുമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. ‘എന്തും വിളിച്ചു പറയാൻ കഴിയുന്ന ആളായതിനാൽ കോൺഗ്രസ് പാർട്ടി മാത്യു കുഴൽനാടനെ അതിനു ചുമതലപ്പെടുത്തിയിരിക്കുകയാണോ?. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്. എന്തിനും ഒരു അതിരു വേണം. ആ അതിരു ലംഘിക്കാൻ പാടില്ല’–മുഖ്യമന്ത്രി പറഞ്ഞു. മണിച്ചൻ കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നു മാത്യു കുഴൽനാടൻ പറഞ്ഞു. കുട്ടനാട്ടിലെ സിപിഎം പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് ലഹരി മാഫിയ ബന്ധങ്ങളിൽ മനംമടുത്താണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ലൈൻ എക്കാലവും ലഹരിമാഫിയയെ സഹായിക്കുന്നതാണ്. ലഹരി കടത്തുകാരെയും നേതാക്കളെയും സംരക്ഷിക്കാനുള്ള വാദങ്ങളാണ് എക്സൈസ് മന്ത്രി നടത്തുന്നതെന്നും മാത്യു കുഴൽനാടൻ പറ‍ഞ്ഞു.

താനാണ് തികഞ്ഞ ഉത്തരവാദിത്തതോടെ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ മാത്യു കുഴൽനാടനു നിർദേശം നൽകിയതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തുകയോ നീക്കുകയോ ചെയ്യുന്നതല്ല എൽഡിഎഫ് സർക്കാരിന്റെ രീതിയെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളയുന്നു. ലഹരി ഉപയോഗത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ആലപ്പുഴയിലെ സിപിഎം നഗരസഭാ അംഗം വാടകയ്ക്കു നൽകിയ വാഹനത്തിലാണ് ലഹരിമരുന്നു കടത്തിയത്. ലോറി ഉടമസ്ഥന് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിയാകും. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല.  പ്രതികളെ രക്ഷിക്കാൻ ഒരു നീക്കവും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും രക്ഷിക്കാനാണെങ്കിൽ കേസ് മൂടിവയ്ക്കാമായിരുന്നുവെന്നും എം.ബി.രാജേഷ് പറഞ്ഞു.

മണിച്ചൻ കേസിൽ പ്രതികളെ അറസ്റ്റു ചെയ്തത് സിപിഎമ്മാണ്. മണിച്ചൻ തഴച്ചു വളർന്നത് കോൺഗ്രസ് കാലത്താണ്. മയക്കുമരുന്നു കേസുകളിൽ 98.9% ശിക്ഷ നടപ്പിലാക്കാനായ സംസ്ഥാനം കേരളമാണെന്നാണ് പാർലമെന്റിലെ കണക്ക്. 2017നുശേഷമാണ് ഈ അവസ്ഥയിലേക്കെത്തിയത്. കരുനാഗപ്പള്ളിയിൽ ലഹരി കടത്തിയ ലോറിയുടെ ഉടമസ്ഥനു പങ്കില്ലെന്നല്ല, ഇതുവരെ തെളിവു ലഭിച്ചിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. ലോറി വാടകയ്ക്കു നൽകിയതിന്റെ പേരിൽ ഒരാൾക്കെതിരെ കേസെടുക്കാനാകില്ല. മട്ടന്നൂരിൽ ലീഗിന്റെ ചാരിറ്റി സെന്ററിന്റെ പേരിലുള്ള വാഹനത്തിൽ ലഹരിമരുന്നു കടത്തി. ഡ്രൈവർ ലീഗ് പ്രവർത്തകനായിരുന്നു. ഡ്രൈവറുടെ പേരിൽ കേസെടുത്തു. അല്ലാതെ ആർസി ഓണറുടെ പേരിലല്ല കേസെടുത്തതെന്നും മന്ത്രി പറ‍ഞ്ഞു.

English Summary: Karunagappally Drug Smuggling Case in Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com