ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ 2021–22 സാമ്പത്തിക വർഷത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തിയതായി സാമ്പത്തിക അവലോകന സർവേ. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സർവേ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ 2021–22 വർഷത്തിൽ, മുൻവർഷത്തേക്കാൾ 12.01 ശതമാനം വളർച്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ കണക്കെടുത്താൽ കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളർച്ച രേഖപ്പെടുത്തി. വ്യവസായ വളർച്ച 17.3 ശതമാനമാണ്. മുൻ വർഷങ്ങളിൽ ഈ മേഖലകളിൽ വളർച്ച നെഗറ്റീവായിരുന്നു. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളർച്ചയ്ക്കു സഹായിച്ചതായി റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപന്നത്തിലും വർധനയുണ്ടായി. 2021–22ൽ ഇത് 1,62,992 രൂപയാണ്. ദേശീയ തലത്തിൽ ഒരാളുടെ ശരാശരി വരുമാനത്തെക്കാൾ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. റവന്യു കമ്മിയും മൊത്ത ആഭ്യന്തര ഉൽപന്നവും തമ്മിലുള്ള അനുപാതം 2021–22ൽ മുൻവർഷത്തെ അപേക്ഷിച്ച് 2.29 ശതമാനം കുറഞ്ഞു.

ധനകമ്മിയും മൊത്ത ആഭ്യന്തര ഉൽപന്നവും തമ്മിലുള്ള അന്തരം ഈ കാലയളവിൽ 4.11 ശതമാനം കുറഞ്ഞു. റവന്യു വരുമാനം നേരിയ തോതിൽ വർധിച്ച് 12.86 ശതമാനം ആയി. മുൻവർഷത്തെ ബജറ്റിലെ കണക്കുകളനുസരിച്ച് തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനം 19.94 ശതമാനം വർധിക്കുമെന്ന് സർവേയിൽ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സംയുക്ത വാർഷിക വളർച്ച 11.40 ശതമാനം ആണ്.

∙ ആഭ്യന്തര കടം വർധിച്ചു

സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 2021–22 വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 10.67 ശതമാനം വർധിച്ചതായി സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയിൽ 95.93 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടവും റവന്യു വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞു. 2021–22 അവസാനത്തിൽ സംസ്ഥാനത്തിനു കുടിശികയുള്ള പൊതുകടം 2,19,974,54 കോടി രൂപയായിരുന്നു. പൊതുകടത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 2020–21ലെ 14.34 ശതമാനത്തിൽനിന്ന് 2021–22ൽ 10.16 ശതമാനം ആയി കുറഞ്ഞു.

∙ വൈദ്യുതി ഉൽപാദനത്തിൽ കുതിച്ചു ചാട്ടം

ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ വൻ കുതിച്ചു ചാട്ടമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയിൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെ 5950 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ടപ്പോൾ 7414 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തി. 2022 മേയ് 4ന് ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. വാർഷിക വൈദ്യുതി ഉൽപാദന ലക്ഷ്യം 45 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ കേവലം 268 ദിവസം കൊണ്ട് (ജനുവരി 27ന് രാത്രി 8 മണിയോടെ) 100 ദശലക്ഷം യൂണിറ്റ് എന്ന വലിയ നേട്ടം കൈവരിക്കാനായെന്ന് മന്ത്രി പറഞ്ഞു.

English Summary: Kerala economic review - 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com