മകരത്തിലും മൂടിക്കെട്ടി ആകാശം; കാലാവസ്ഥാ മാറ്റത്തിന്റെ വരവെന്ന് നിരീക്ഷകർ

Rain Kerala Manorama
കണ്ണൂരിലെ മഴക്കാഴ്‌ച. File Photo: Manorama
SHARE

പത്തനംതിട്ട ∙ പൊതുവെ പ്രസന്നമായിരിക്കേണ്ട മകര മാസത്തിൽ കേരളം മൂടലിന്റെയും മഴയുടെയും കുടക്കീഴിൽ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴി ശ്രീലങ്കയ്ക്കും തമിഴ്നാടിനും മധ്യേ രാമേശ്വരത്തെ മന്നാർ കടലിടുക്കിൽ തീവ്രന്യൂനമർദമായി നിലകൊള്ളുന്നതാണ് ഇതിനു കാരണം. വെള്ളിയാഴ്ച രാവിലെയോടെ ന്യൂനമർദം തമിഴ്നാട്ടിലേക്കു കയറി ദുർബലമാകുമെങ്കിലും നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധത്തിനു നിരോധനമുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ജനുവരി മുതൽ ഏപ്രിൽ വരെ ആഫ്രിക്കയിലും മഡഗാസ്ക്കർ ദ്വീപിലുമാണ് സാധാരണ ചുഴലിക്കാറ്റുകൾ ശക്തമാകുക. മഡഗാസ്ക്കറിൽ കഴിഞ്ഞയാഴ്ച വീശിയടിച്ച ചെനീസോ എന്ന ഹറിക്കേൻ (ചുഴലി) വൻ നാശമാണ് വിതച്ചത്. ഇതിന്റെ ഒരു ഭാഗമാണ് വഴിതിരിഞ്ഞ് ശ്രീലങ്കയെ ചുറ്റി തമിഴ്നാട്– കേരള തീരത്ത് എത്തിയിരിക്കുന്നത്.

ജനുവരിയിൽ ന്യൂനമർദങ്ങൾ അപൂർവമാണെന്ന് കൊച്ചി സർവകലാശാലാ റഡാർ കേന്ദ്രത്തിലെ ഡോ. എം.ജി.മനോജ് പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും മഴ എത്തിക്കുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇപ്പോൾ ദക്ഷിണേന്ത്യയ്ക്ക് അനുകൂലമായതും ഈ സ്ഥിതിക്കു കാരണമായി.

2017 നവംബറിൽ തലസ്ഥാനത്തെ തീരമേഖലയിൽ വൻനാശം വിതച്ച ഓഖി ചുഴലിക്കാറ്റും സമാന രീതിയിലായിരുന്നു രൂപപ്പെട്ടത്. തണുപ്പുകാലമായതിനാലാവാം, ഇത്തവണ ശക്തിപ്പെട്ടില്ലെന്നു മാത്രം. ജനുവരിയിലും ഫെബ്രുവരിയിലും പോലും മഴ പ്രതീക്ഷിക്കാവുന്ന സ്ഥിതി സംജാതമാകുന്നതു കാലാവസ്ഥാ മാറ്റത്തിന്റെ വരവറിയിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. ചെറുകൃഷികൾക്കു മഴ സഹായകമാണെങ്കിലും മാവിനും റബറിനും തിരിച്ചടിയാണ്.

രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില ഇപ്പോൾ കേരളത്തിലാണ്. കണ്ണൂരിൽ ഇന്നലെ കൂടിയ താപനില 36.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

English Summary: Rainfall In January And February Is A Weather Change Indicator, Says Experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS