ADVERTISEMENT

പാലക്കാട്∙ എടിഎമ്മില്‍ പണം കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ കുടിവെള്ളം കിട്ടുമോ? കിട്ടും...പാലക്കാട് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു രൂപയ്ക്ക് ഒരു ലീറ്റര്‍ വെള്ളം ലഭിക്കുന്ന 'വാട്ടര്‍ എടിഎം' വരികയാണ്. എല്ലാ വീടുകളിലും പൈപ്പ് കണക്‌ഷൻ വന്നതോടെ പൊതുപൈപ്പുകള്‍ ഇല്ലാതായി. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി. നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, പൊല്‍പ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകളുടെ കോമ്പൗണ്ടിലും കൊഴിഞ്ഞാമ്പാറ യുപി സ്‌കൂള്‍ വളപ്പിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെഎസ്‌ഐഇ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്)യുടെ കീഴില്‍ തൃശൂര്‍ ആസ്ഥാനമായ ‘വാട്ടര്‍ വേള്‍ഡ്’ എന്ന സ്വകാര്യ ഏജന്‍സിയാണ് ഇതിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

കുഴല്‍കിണറില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലീറ്റര്‍ ടാങ്കില്‍ സംഭരിച്ച് വാട്ടര്‍ എടിഎം വഴി നല്‍കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി തയാറാക്കുന്നത്. ഒരു യൂണിറ്റിന് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

‘‘ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലും അതിനു കീഴിലുള്ള ഏഴു ഗ്രാമപഞ്ചായത്തിലുമായാണ് വാട്ടര്‍ എടിഎം സ്ഥാപിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശങ്ങളില്‍ കടുത്ത വെള്ളക്ഷാമം ഉണ്ടായിരുന്നു. അന്ന് ടാങ്കര്‍ലോറിയില്‍ ആണ് കുടിവെള്ളം വിതരണം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി ജലവകുപ്പ് മന്ത്രിയായിരിക്കെ കുടിവെള്ള പദ്ധതിക്കായി 310 കോടി രൂപ അനുവദിക്കുകയും എല്ലാ വീടുകളിലും പൈപ്പ് കണക്‌ഷന്‍ ലഭ്യമാക്കുകയും ചെയ്തു. മാര്‍ച്ചോടുകൂടി എല്ലാ വീടുകളിലും പൂര്‍ത്തിയാകും. അതുകൊണ്ട് നിലവിലെ പൊതുപൈപ്പുകളെല്ലാം എടുത്തുമാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അല്ലെങ്കില്‍ പഞ്ചായത്തിലേക്ക് വരുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ പ്രധാന റോഡുകളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എടിഎം ഒരുക്കിയിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കുന്നംകാട്ടുപതി എന്ന സ്ഥലത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് എരുത്തേന്‍പതി പഞ്ചായത്തിലെ മൂങ്കില്‍മടയിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് ഫില്‍റ്റര്‍ ചെയ്താണ് പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നത്. ആ വെള്ളം തന്നെയാണ് എടിഎമ്മിലേക്കും എത്തിക്കുക.

water-atm-k-para
ചിത്രം∙ മനോരമ

വാട്ടര്‍ എടിഎമ്മില്‍ രണ്ട് ടാപ്പുണ്ട്. ഒന്നില്‍ ഒരു രൂപയിട്ടാല്‍ ഒരു ലീറ്റര്‍ തണുത്ത വെള്ളം കിട്ടും. മറ്റൊന്നില്‍ 5 രൂപയിട്ടാല്‍ അഞ്ച് ലീറ്റര്‍ സാധാരണ വെള്ളം ലഭിക്കും. ലഭിക്കുന്ന പണം യൂണിറ്റിന്റെ മെയിന്റനന്‍സിനും മറ്റുമായി ഉപയോഗിക്കും. വെള്ളം സൗജന്യമായി ലഭിക്കുമെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ ആളുകള്‍ പാഴാക്കി കളയും. സൂക്ഷിക്കാനും സംരക്ഷിക്കാനും സാധ്യത കുറവാണ്. എന്നാല്‍ സ്വന്തം കൈയില്‍നിന്ന് പണം കൊടുത്തു വാങ്ങുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗവും ഇതിലൂടെ കുറയ്ക്കാനാകും. ഒരു ബോട്ടിലുമായി വന്നാല്‍ വെള്ളം നിറച്ചുകൊണ്ടുപോകാം.’’- വി.മുരുകദാസ് പറഞ്ഞു.’

water-atm
ചിത്രം∙ മനോരമ

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊഴിഞ്ഞാമ്പാറ യുപി സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിനൊപ്പം കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡ് പരിസരത്ത് മറ്റൊരു വാട്ടര്‍ എടിഎം കൂടി സ്ഥാപിക്കുമെന്നു കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ യാത്രക്കാര്‍ എപ്പോഴും ഉണ്ടാകുമെന്നും അവര്‍ക്ക് വാട്ടര്‍ എടിഎം ഏറെ ഉപകാരപ്രദമാകുമെന്നും വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോയും പറഞ്ഞു. ജില്ലയില്‍ ഒരു രൂപയ്ക്ക് ഒരു ലീറ്റര്‍ വെള്ളം ലഭിക്കുന്ന വാട്ടര്‍ എടിഎം പദ്ധതി തേങ്കുറുശ്ശി പഞ്ചായത്തിലും ആരംഭിച്ചിട്ടുണ്ട്.

English Summary: Water ATM project in Chittur Block Panchayath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com