തിരുവനന്തപുരം ∙ തന്നെ ബിജെപി പ്രവർത്തകർ ആക്രമിച്ച കേസിൽ സിപിഎമ്മുകാരുടെ കൂറുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ. സിപിഐ നേതൃയോഗത്തിലാണ് ചന്ദ്രശേഖരൻ അതൃപ്തി അറിയിച്ചത്. പ്രതികളെ വെറുതെ വിട്ട വിധി വന്നിട്ടും സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആരും വിളിച്ചില്ല. മുല്ലക്കര രത്നാകരനും കെ.പ്രകാശ് ബാബുവും മാത്രമാണ് വിളിച്ചതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Read Also: ‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്? ന്യായീകരണ തൊഴിലാളികൾ കരയരുത്’: ട്രോളിലാകെ രോഷം
സംഭവത്തെ പറ്റി പി.ബാലചന്ദ്രൻ എംഎൽഎ നിയമസഭയിൽ പറഞ്ഞതിലും ചന്ദ്രശേഖരൻ അതൃപ്തി അറിയിച്ചു. സ്വബോധത്തോടെ ആണോ പറഞ്ഞതെന്ന് എനിക്ക് സംശയമുണ്ട്. നിയമസഭയിൽ വ്യക്തിപരമായ വിശദീകരണം നൽകാൻ അനുവദിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. വിശദീകരണം നൽകാൻ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നൽകി. സിപിഎം നേതാക്കൾ കൂറുമാറിയതിൽ സിപിഎമ്മിനെ അതൃപ്തി അറിയിക്കാൻ സിപിഐ തീരുമാനിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും സ്പോർട്സ് കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ അനിൽ ബങ്കളം എന്നിവർ തുറന്ന ജീപ്പിൽ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായുള്ള മൊഴിയാണ് ഇരുവരും മാറ്റിയത്.
English Summary: E Chandrasekharan expressed displeasure at the CPI leadership meeting