ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്‍റെ അധിക നികുതി സാധാരണക്കാര്‍ക്ക് ബാധ്യതയാകില്ല. 500 രൂപയ്ക്കും 1,000 രൂപയ്ക്കും മുകളില്‍ വിലയുള്ളവയ്ക്കു മാത്രമാണ് വര്‍ധനയെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

‘‘ഒന്നിലേറെ വീടുകൾ ഉള്ളവർക്ക് നികുതി ഏർപ്പെടുത്തും എന്നല്ല പറഞ്ഞത്. അതൊരു നിർദ്ദേശമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചില അഭിപ്രായങ്ങൾ കൂടിയാണത്. കാരണം, കേരളത്തിൽ 11 മുതൽ 18 ലക്ഷം വരെ വീടുകൾ അടഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഒന്നിലധികം വീടു കൈവശമുള്ളവരുടെ നികുതി ഘടനയെക്കുറിച്ച് കാര്യമായ പരിശോധനകൾ നടന്നിട്ടില്ല. അതേക്കുറിച്ചാണ് ബജറ്റിൽ പറയുന്നത്.

ഇത് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിക്കേണ്ട മേഖലയാണ്. നിയമനിർമാണമല്ല ഉദ്ദേശിച്ചത്. സംസ്ഥാന ഖജനാവിലേക്ക് വരുന്ന പണവുമല്ലത്. ഇന്ത്യയിൽ ജിഎസ്ടി സമ്പ്രദായം വന്നശേഷം കൂടുതൽ നികുതി സംബന്ധമായ അധികാരങ്ങളുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വളരെയധികം പരിമിതികളുണ്ട്. പക്ഷേ, അവർക്ക് നികുതി ഏർപ്പെടുത്താവുന്ന കുറേയേറെ മേഖലകളുണ്ട്.

പഴയ ചീഫ് സെക്രട്ടറി ഡോ.വിജയാനന്ദ് അധ്യക്ഷനായിട്ടുള്ള ആറാം ധനകാര്യ കമ്മിഷന്റെയും മുൻ കമ്മിഷനുകളുടെയും ചില നിർദ്ദേശങ്ങളുണ്ട്. ആ റവന്യൂ റിസോഴ്സസ് പലപ്പോഴും ഉപയോഗിക്കുന്നില്ല. അങ്ങനെ ചെയ്താൽ ആയിരം കോടി രൂപയൊന്നുമല്ല കിട്ടുക. പാവപ്പെട്ടവരെയൊന്നും ബുദ്ധിമുട്ടിക്കാതെ കിട്ടുന്ന ഒട്ടേറെ ഉറവിടങ്ങളുണ്ട്. അത്തരം സാധ്യതകൾ പരിഗണിക്കണമെന്ന നിർദ്ദേശമാണത്.

ഇപ്പോൾത്തന്നെ മാലിന്യ നിർമാർജനം, ചെറിയ റോഡ് നിർമാണങ്ങൾ, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്യുന്നുണ്ട്. അതിനെല്ലാമുള്ള വരുമാനം അവർക്കു ലഭിക്കണം. ചില പഞ്ചായത്തുകളിൽ ഇതിനൊന്നുമുള്ള പണമില്ല. ശമ്പളം കൊടുക്കാനോ റോഡ് നിർമിക്കാനോ കുടിവെള്ള പ്രശ്നം പരിഹരിക്കാനോ നിർവാഹമില്ല. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അവരെയൊന്ന് സ‍ജ്ജരാക്കണം. ഇതിൽ എൽഡിഎഫ്, യുഡിഎഫ് വ്യത്യാസമൊന്നുമില്ല’ – മന്ത്രി വ്യക്തമാക്കി.

English Summary: KN Balagopal Explains Decisions Announced In Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com