തിരുവനന്തപുരം ∙ പകൽകൊള്ളയെന്നും പിടിച്ചുപറിയെന്നും വിമര്‍ശിച്ച് സംസ്ഥാന ബജറ്റിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം. അടുത്തദിവസം യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി സർക്കാരിനെതിരായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി ഭാരവാഹി യോഗം ചേർന്നു. ഇന്ധന വിലവർധനയുടെ കാര്യത്തിൽ എക്കാലത്തും പ്രതിരോധത്തിലായിരുന്ന ബിജെപിയും സമരമുഖത്ത് സജീവമായി.
വിലക്കയറ്റത്തിനു വഴിയൊരുക്കുമെന്ന വിമർശനവുമായി ബജറ്റിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെ ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ഇന്ധന വിലവർധനയ്‌ക്കെതിരായ പ്രതിഷേധം പെട്രോൾ പമ്പിൽത്തന്നെ സംഘടിപ്പിച്ചു. വാങ്ങിയ കിറ്റ് പലിശ സഹിതം സർക്കാർ ഈടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചു.
സെക്രട്ടേറിയറ്റിനു മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നതിന്റെ പേരിൽ എന്നും പ്രതിരോധത്തിലായിരുന്ന സംസ്ഥാന ബിജെപിയും വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ്. സെക്രട്ടേറിയറ്റിനു മുൻപിലെ യുവമോർച്ച മാർച്ച് അക്രമാസക്തമായി. സിൽവർലൈനിനു ശേഷം സർക്കാരിനെതിരെ തെരുവിലിറങ്ങാൻ കിട്ടിയ അവസരമായാണ് പ്രതിപക്ഷം ബജറ്റിനെ കാണുന്നത്.
English Summary: Opposition Parties Prepare To Protest Against Kerala Budget 2023