തിരുവനന്തപുരം ∙ ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ചപ്പാടുള്ള ബജറ്റാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2828.33 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 196.50 കോടി അധികമായി അനുവദിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് 49.05 കോടി രൂപയും നാഷനല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 500 കോടിയും വകയിരുത്തി. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്
·∙ജീവിതശൈലീരോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗപദ്ധതി ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 10 കോടി.
·∙ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി 30 കോടി.·
∙കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.50 കോടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 74.50 കോടി രൂപ അധികമാണ്.
∙താലോലം, കുട്ടികള്‍ക്കായുള്ള കാന്‍സര്‍ സുരക്ഷാ പദ്ധതി, കുട്ടികളിലെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ (ശ്രുതി തരംഗം) എന്നീ പദ്ധതികള്‍ 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കി.
∙കോവിഡിന് ശേഷമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 5 കോടി രൂപ അനുവദിച്ചു.
∙പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി രൂപ. കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന.
∙സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്കുളള കേന്ദ്രങ്ങള്‍ക്ക് 2.50 കോടി രൂപ.
∙തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററിന് 81 കോടി രൂപ. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് 13.80 കോടി.
∙മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി
∙·കൊച്ചി കാന്‍സര്‍ സെന്റര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 14.50 കോടി.
∙ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആശുപത്രികള്‍ക്ക് 15 കോടി.
∙ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും അനുബന്ധിച്ച് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 25 ആശുപത്രികളില്‍ ആരംഭിക്കും. ഇതിനായി ഈ വര്‍ഷം 20 കോടി വകയിരുത്തി.
∙എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പ് വരുത്തുന്നതിന് നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി വകയിരുത്തി. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും.
∙കനിവ് പദ്ധതിയില്‍, 315 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 75 കോടി.
∙കാസര്‍കോട് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവും ചികിത്സയും വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
∙ലോകത്തിന്റെ ഹെല്‍ത്ത് കെയര്‍ ക്യാപിറ്റലായി കേരളത്തെ ഉയര്‍ത്തുന്നതിന് ഹെല്‍ത്ത് ഹബ്ബാക്കും.
∙കെയര്‍ പോളിസിക്കും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 കോടി.
∙സംസ്ഥാനത്ത് തദ്ദേശീയമായ ഓറല്‍ റാബീസ് വാക്‌സീന്‍ വികസിപ്പിക്കുന്നതിന് 5 കോടി.
∙ന്യൂബോണ്‍ സ്‌ക്രീനിങ് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 1.50 കോടി.
∙നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കുടുംബക്ഷേമ പരിപാടികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 134.80 കോടി രൂപയുള്‍പ്പെടെ 500 കോടി.
·∙ഭക്ഷ്യ സുരക്ഷാ മേഖലയിലെ അനലിറ്റിക്കല്‍ ലബോറട്ടറികള്‍ ശക്തിപ്പെടുത്തുന്നതിന് 7.50 കോടി.
·∙സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യവിഷബാധ തടയാനും ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉയര്‍ത്താനുമുളള വിവിധ ഇടപെടലുകള്‍ക്കും പരിശോധനകള്‍ക്കുമായി 7 കോടി.
∙·ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 463.75 കോടി.
∙വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, തിരുവനന്തപുരം റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, തിരുവനന്തപുരം ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയ്ക്ക് 232.27 കോടി.
∙മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെയും മറ്റ് ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി.
∙തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെറ്റ് സിടി സ്‌കാനര്‍ വാങ്ങുന്നതിന് 15 കോടി.
·∙മെഡിക്കല്‍ കോളജുകളിലെ സമഗ്ര വാര്‍ഷിക മെയിന്റനന്‍സിന് 32 കോടി രൂപ.
∙മെഡിക്കല്‍ കോളജുകളോടു ചേര്‍ന്ന് രോഗികള്‍ക്ക്/ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനുതകുന്ന തരത്തില്‍ കെട്ടിടത്തിന് 4 കോടി.
∙കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം വനിതാ പിജി ഹോസ്റ്റല്‍ നിർമിക്കുന്നതിനായി ഒരു കോടി.
∙കോഴിക്കോട് ഇംഹാന്‍സിന് 3.60 കോടി. തലശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി
ആയുഷ് മേഖല
∙ആയുര്‍വേദ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി എന്നീ ചികിത്സാ ശാഖകള്‍ ഉള്‍പ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 5 കോടി അധികമാണ്.
∙ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവല്‍ക്കരണത്തിനും 24 കോടി.
∙തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജുകള്‍ക്ക് 20.15 കോടി.
∙ഇന്റര്‍നാഷനല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനുമായി 2 കോടി.
∙ഹോമിയോപ്പതി വകുപ്പിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25.15 കോടി.
∙നാഷനല്‍ മിഷന്‍ ഓണ്‍ ആയുഷ് ഹോമിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി.
∙ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.90 കോടി
വനിതാ ശിശു വികസനം
∙സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി
·∙അങ്കണവാടി കുട്ടികള്‍ക്കുള്ള മുട്ടയും പാലും പദ്ധതിക്ക് 63.50 കോടി.
·∙തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡേ-കെയര്‍ സെന്ററുകള്‍/ ക്രഷുകള്‍ ആരംഭിക്കാന്‍ 10 കോടി
·∙സ്‌കൂളുകളിലെ സൈക്കോ സോഷ്യല്‍ പദ്ധതിക്ക് 51 കോടി. കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
·∙മെന്‍സ്ട്രുവല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി.
·∙ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി.
·∙വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് 19.30 കോടി.
·∙നിലവിലുള്ള 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും 28 പുതിയ കോടതികള്‍ സ്ഥാപിക്കുവാനും 8.50 കോടി.
·∙സംയോജിത ശിശുസംരക്ഷണ പദ്ധതിയ്ക്ക് 13 കോടി.
·∙സംയോജിത ശിശു വികസന സേവനങ്ങള്‍ പദ്ധതിക്ക് 194.32 കോടി.
·∙അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ആക്‌സിഡന്റ് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷൂറന്‍സും ഉള്‍പ്പെടുത്തി അങ്കണം എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. വാര്‍ഷിക പ്രീമിയം 360 രൂപ നിരക്കില്‍ അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുളള മറ്റ് മരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഇന്‍ഷുറന്‍സ് പരിരക്ഷ.
English Summary: Minister Veena George on Kerala Budget 2023