മുംബൈ ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ആർബിഐ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയുടെ സ്ഥിരത നിരീക്ഷിച്ചു വരികയാണെന്ന് ആർബിഐ അറിയിച്ചു.
വിവിധ മാനദണ്ഡങ്ങൾ പ്രകാരം, ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ പ്രസ്താവനയിൽ വിശദീകരിച്ചു. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ബാങ്കുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ എത്ര ശതമാനമാണ് അദാനി ഗ്രൂപ്പിന്റേതെന്നാണ് ആർബിഐ ആരാഞ്ഞത്. ഇതിനു പിന്നാലെയാണ്, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ആർബിഐയുടെ വിശദീകരണം.
English Summary: RBI Says "Banking Sector Resilient And Stable" Amid Adani Stocks Rout