രാജാക്കാട്∙ മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ വെള്ളത്തിൽ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടു മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ ഇയാൾ പെട്ടെന്ന് മുങ്ങിത്താഴ്ന്നു.
നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
English Summary: 21 Year Old Boy Drowned at Chunayammakkal Waterfalls