ചെന്നൈ∙ വീട്ടിലെ ടെറസിൽ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുണ്ടാനേതാവിന് ഗുരുതര പരുക്ക്. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും നിരവധി കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിക്കിനാണ് പരുക്കറ്റത്. ഇയാളുടെ രണ്ടു കൈകളും അറ്റുപോയി. കാലുകൾക്കും ഗുരുതര പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈകളിലുണ്ടായ മുറിവിന്റെ കാഠിന്യം മൂലമാണ് മുറിച്ചുമാറ്റേണ്ടി വന്നത്.
പുഴൽ ജയിലിൽ കഴിയുമ്പോൾ പരിചയത്തിലായ വിജയകുമാറുമായി ചേർന്ന് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം. രണ്ടു ദിവസം മുൻപു നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ സ്ഥലത്ത് എത്തിയത്. വിജയകുമാറിന്റെ വീടിന്റെ ടെറസിൽവച്ചായിരുന്നു ബോംബ് നിർമാണം. ആശുപത്രിയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു.
English Summary: Chennai gangster injured while making crude bomb, loses both hands