വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുട്ടി ജനിച്ചത് കളമശേരി മെഡി. കോളജില്‍ തന്നെ, ദൂരൂഹതയേറുന്നു

kalamassery-medical-college
SHARE

കൊച്ചി ∙ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പെൺകുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജില്‍ തന്നെ. യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റ് മനോരമ ന്യൂസിന് ലഭിച്ചു. 2022 ഓഗസ്റ്റ് 27നാണ് പെണ്‍കുട്ടിയുടെ ജനനം. സെപ്റ്റബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജില്ലയിലുള്ള ദമ്പതികളാണ് കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍. ഇതോടെ, കുട്ടി തൃപ്പൂണിത്തുറയിലുള്ള ദമ്പതികളുടെ പക്കലെത്തിയതില്‍ ദുരൂഹത വർധിക്കുകയാണ്.

ജനുവരി 31ന് ഉച്ചയ്ക്ക് 12.05ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതിൽ അനുപ്രിയ ഹൗസിൽ അനൂപ്കുമാർ–സുനിത ദമ്പതികൾക്കു പെൺകുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്. വിവരങ്ങൾ എഴുതി നൽകിയ ജനന റിപ്പോർട്ടിൽ ഐപി നമ്പർ ‘137 എ’ എന്നാണ് എഴുതിയിരുന്നത്. ഇരട്ടക്കുട്ടികൾ ഉണ്ടാകുമ്പോഴാണ് ‘എ, ബി’ എന്നു രേഖപ്പെടുത്താറുള്ളത്. ഈ നമ്പറിൽ സംശയം തോന്നിയ താൻ ലേബർ റൂമിൽ നേരിട്ടെത്തി നഴ്സുമാരോട് അന്വേഷിച്ചതിൽ അനൂപ്കുമാർ–സുനിത ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചതായ ഒരു പ്രസവവും അവിടെ നടന്നിട്ടില്ലെന്നാണ് നഗരസഭയിലെ ജനന മരണ റജിസ്ട്രേഷൻ വിഭാഗത്തിലെ കിയോസ്ക് എക്സിക്യൂട്ടീവ് എ.എൻ.രഹ്ന പരാതി നൽകിയത്. 2ന് മെഡിക്കൽ സൂപ്രണ്ടിനെയും മുനിസിപ്പൽ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ രഹ്നയും മെഡിക്കൽ കോളജും നൽകിയ പരാതിയിലാണ് പൊലീസ് അനിൽ കുമാറിനെതിരെ കേസെടുത്തത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്ന് വ്യക്തമായി. ഇതോടെ, കുട്ടിയെ ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാൻ കെ.കെ.ഷാജു അറിയിച്ചിരുന്നു. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

കളമശേരി മെഡിക്കൽ കോളജിൽനിന്ന് ദമ്പതികൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയത് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് എ.അനില്‍കുമാറാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐപി നമ്പര്‍ തരപ്പെടുത്തിയതും അനില്‍കുമാറാണ് എന്നതിന്‍റെ തെളിവുകളും ലഭിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിനെതിരായ കണ്ടെത്തല്‍. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭ ജീവനക്കാരിക്കും വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിർദേശപ്രകാരമെന്ന് അനിൽകുമാർ വ്യക്തമാക്കി. തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അനിൽകുമാർ ആരോപിച്ചിരുന്നു.

English Summary: Fake Birth Certificate From Kalamassery Medical College - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS