കുമളി ∙ ഏഴു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പിച്ചത്. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അടുത്ത വീട്ടില്‍നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പൊള്ളലേറ്റ കുട്ടി ചികിത്സത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസ്സുകാരൻ അടുത്തുള്ള വീട്ടിൽനിന്നു ടയർ എടുത്തുകൊണ്ടുവന്നെന്നും ഇതിനു ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോടു പറഞ്ഞു.
കൂടാതെ, കണ്ണിൽ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അയൽവാസികളും വാർഡ് അംഗവും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നു പൊലീസ് അറിയിച്ചു.
English Summary: Mother Burned Child at Kumali