ന്യൂഡൽഹി∙ അദാനി വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം, രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള ചര്‍ച്ചയില്‍ നാളെ സഹകരിച്ചേക്കും. ജെപിസി അന്വേഷണം വേണോ, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണോ എന്നതില്‍ പ്രതിപക്ഷത്ത് ഭിന്നതയുണ്ട്. പ്രതിപക്ഷ നേതാക്കളുടെ യോഗം നാളെ രാവിലെ ചേരും.
അദാനി വിഷയത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധം തുടര്‍ന്നതോടെ, തുടര്‍ച്ചയായി രണ്ടു ദിവസം ഇരു സഭകളും തടസ്സപ്പെട്ടിരുന്നു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ വൈമുഖ്യം കാണിച്ചിരുന്ന ബിആര്‍എസിനെയും ആം ആദ്മി പാര്‍ട്ടിയേയും (എഎപി) ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് പ്രതിപക്ഷ െഎക്യനീക്കത്തിന് പ്ലസ് പോയിന്‍റായി. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേല്‍ നന്ദിപ്രമേയ ചര്‍ച്ച തുടങ്ങാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷത്തിന് വിലയിരുത്തലുണ്ട്.
തിങ്കളാഴ്ച രാവിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിക്കും. തുടര്‍ന്ന് സഭയിലും പ്രതിഷേധിക്കും. എന്നാല്‍ ഉച്ചയ്ക്കുശേഷം നന്ദിപ്രമേയ ചര്‍ച്ച തുടങ്ങാന്‍ പ്രതിപക്ഷം സഹരിച്ചേക്കും. സര്‍ക്കാര്‍ പ്രകോപനപരമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാക്കള്‍ സൂചിപ്പിക്കുന്നു. അദാനി വിവാദം പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ടിഎംസി ആവശ്യപ്പെടുന്നു. പാര്‍ലമെന്‍റില്‍ ബിജെപിക്ക് ശക്തമായ മേല്‍ക്കയ്യുള്ളതിനാല്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി ബിജെപിക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ടെന്ന് ടിഎംസി ചൂണ്ടിക്കാട്ടുന്നു. അന്വേഷണം എങ്ങിനെ വേണമെന്നതിനെച്ചൊല്ലി തര്‍ക്കിച്ച് െഎക്യം ഇല്ലാതാക്കരുതെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്.
English Summary: Adani issue in Parliament updates