ADVERTISEMENT

കൊച്ചി∙ അദാനി ഓഹരികളുടെ തകർച്ച കണ്ട വിപണി, കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ എഫ്എംസിജി, ടെക്, ബാങ്കിങ്, ഫിനാൻസ്, ഓട്ടോ പിന്തുണയിൽ തിരിച്ചുവരവ് നടത്തിയത് അടുത്ത ആഴ്ചയിലും പ്രതീക്ഷയാണ്. ബജറ്റ് ദിനത്തിലെ വൻ ചാഞ്ചാട്ടവും, എഫ്പിഒ റദ്ദാക്കലിനെ തുടർന്ന് അദാനി ഓഹരികൾ തകർന്നു പോയതും റീട്ടെയ്ൽ നിക്ഷേപകരുടെ ധനം നഷ്ടപ്പെടുത്തി. കേന്ദ്ര ബജറ്റിന്റെ ആവേശവും അദാനി ഓഹരി വീഴ്ചയിൽ ഇന്ത്യൻ വിപണിക്ക് നഷ്ടമായി. എങ്കിലും എസ്ബിഐ, ഐടിസി അടക്കമുള്ള മികച്ച റിസൾട്ടുകളുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി മുന്നേറ്റ പ്രതീക്ഷയിലാണ്.

അടുത്ത ആഴ്ചയിൽ അവസാനിക്കുന്ന മൂന്നാം പാദ ഫലപ്രഖ്യാപനങ്ങളുടെ പിന്തുണയും, അമേരിക്കൻ ടെക് മുന്നേറ്റവും, അദാനി ഓഹരികൾ ക്രമപ്പെട്ടേക്കാവുന്നതും ഇന്ത്യൻ വിപണിക്കും സാധ്യതയാണ്. വെള്ളിയാഴ്ച 17,854 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 1,75,050 പോയിന്റിലും 17,400 പോയിന്റിലും ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു. 18,000 പോയിന്റ് പിന്നിട്ടാൽ 18,150 പോയിന്റിൽ നിഫ്റ്റി വീണ്ടും വില്പന സമ്മർദ്ദം നേരിട്ടേക്കാം. വിപണിയുടെ പുതിയ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്സിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ ആർബിഐ നയപ്രഖ്യാപനം

2023ലെ ആദ്യ യോഗത്തിനുശേഷം റിസർവ് ബാങ്ക് ബുധനാഴ്ച പുതിയ പലിശ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രത്യേകിച്ച് ബാങ്കിങ്, ഫിനാൻസ്, റിയൽറ്റി സെക്ടറുകൾക്ക് വളരെ പ്രധാനമാണ്. ഇന്ത്യൻ ബാങ്കുകൾ അദാനി കമ്പനികൾക്ക് നൽകിയ വായ്പകളിന്മേലുള്ള പരാമർശങ്ങളും വിപണി പ്രതീക്ഷിക്കുന്നു. നാളെ ആരംഭിക്കുന്ന യോഗത്തിൽ ആർബിഐ റീപോ നിരക്ക് 0.25% വർധന നടത്തി 6.50 ശതമാനത്തിൽ എത്തിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 11ന് ധനമന്ത്രി ആർബിഐ ബോർഡുമായി ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യാനിരിക്കെ, കൂടുതൽ ബജറ്റ് പരാമർശങ്ങൾ ആർബിഐ ഗവർണർ നടത്തിയേക്കില്ല.

∙ അമേരിക്കൻ തൊഴിൽ കുതിപ്പ്

ഇസിബിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അര ശതമാനം വീതം പലിശ നിരക്ക് വർധന നടത്തിയപ്പോഴും അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് വർധനയുടെ തോത് 0.25 ശതമാനത്തിലേക്കു കുറച്ചത് ഡോളറിനും ബോണ്ട് യീൽഡിനും തിരുത്തൽ നൽകിയത് അമേരിക്കൻ നിക്ഷേപകരെ വിപണിയിലേക്കടുപ്പിച്ചു. അമേരിക്കൻ ഫെഡ് നിരക്കുയർത്തലിൽ ദീർഘകാലം സമ്മർദ്ദം അനുഭവിച്ച അമേരിക്കൻ ടെക് സെക്ടർ ഫെഡ് നിരക്ക് വർധന കുറച്ചതിനെ തുടർന്ന് ദീർഘകാല മുന്നേറ്റ പ്രതീക്ഷയിലാണ്. തൊഴിൽ ലഭ്യത പണലഭ്യതയും വർധിപ്പിക്കുമെന്നതാണ് ഫെഡ് റിസർവിനെ കൂടുതൽ ജാഗരൂകരാക്കുന്നത്. ഗൂഗിളും, ആപ്പിളും, ആമസോണും നാലാം പാദത്തിൽ നിരാശപ്പെടുത്തിയത് അമേരിക്കൻ വിപണിക്ക് വെള്ളിയാഴ്ച മുന്നേറ്റം നിഷേധിച്ചു.

∙ ഈ ആഴ്ച രാജ്യാന്തര വിപണിയിൽ

ഈ ആഴ്ച അവസാനം വരുന്ന ജർമൻ, ചൈനീസ് പണപ്പെരുപ്പ കണക്കുകളും, ബ്രിട്ടിഷ് ജിഡിപി കണക്കുകളും വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ഫെബ്രുവരി 16ന് വരാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്.

∙ ഹിൻഡൻബർഗിനെതിരെ പൊതുതാൽപര്യ ഹർജി

‘ഊഹക്കച്ചവട’ സാധ്യതയിൽ ഹിൻഡൻബർഗ് ലക്ഷ്യം വച്ചത് അദാനിയെ മാത്രമാണെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിക്കും മുന്നേറ്റം നിഷേധിച്ചു. വിപണിയിൽ ആശങ്ക വിതച്ച ശേഷം ഹിൻഡൻബർഗ് അദാനിയുടെ അമേരിക്കൻ ബോണ്ടുകളിൽ ‘ഷോർട്ട് സെൽ’ ചെയ്ത് ലാഭം കൊയ്തപ്പോൾ, വിദേശ ഫണ്ടുകൾ അടക്കമുള്ളവർ അദാനി ഓഹരികളിൽ ‘ഷോർട്ട്’ പൊസിഷനുകളെടുത്തും ചുരുങ്ങിയ സമയം കൊണ്ട് വൻ നേട്ടമുണ്ടാക്കി. അതേസമയം, കഴിഞ്ഞ ഏഴു സെക്ഷനുകളിലായി അദാനി ഓഹരികൾ 10 ലക്ഷം കോടി രൂപയ്ക്കടുത്ത് നഷ്ടം കുറിച്ചപ്പോൾ ഇന്ത്യൻ റീട്ടെയ്ൽ നിക്ഷേപകരും വലിയ നഷ്ടം നേരിട്ടു.

വെള്ളിയാഴ്ച മുതൽ അഡിഷനൽ സർവൈലൻസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ അദാനി എന്റർപ്രൈസ്, അംബുജ സിമന്റ്, അദാനി പോർട്സ് എന്നീ അദാനി ഓഹരികൾ തിരിച്ചുകയറി. കൂടുതൽ അദാനി ഓഹരികളെ എഎസ്എം കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത് ‘മാർജിൻ’ ഉപയോഗപ്പെടുത്തിയുള്ള ഷോർട്ട് സെല്ലിങ്ങിൽനിന്നും സംരക്ഷണം നൽകിയേക്കാം. എഎസ്എം പട്ടികയിൽ വരുന്ന ഓഹരികളിൽ വ്യാപാരം നടത്തുന്നതിന് 100% മാർജിൻ ആവശ്യമാണ്. കൃത്രിമമായി വാർത്തകളുടക്കി സാധാരണ നിക്ഷേപകരുടെ ധനം നഷ്ടപ്പെടുത്തിയ ഹിൻഡൻബർഗ് മേധാവി നാഥാൻ ആൻഡേഴ്‌സനെതിരെ അന്വേഷണത്തിനായി സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജിയും സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.

∙ ’സൽപേരി’നായി അദാനി

ഹിൻഡബർഗിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു കൊണ്ട് വിപണി വിലയിലും കൂടിയ വിലയിൽ അദാനിയുടെ എഫ്പിഒയ്ക്ക് അപേക്ഷ സമർപ്പിച്ച നിക്ഷേപകരുടെ പണം തിരികെ നൽകി പുതിയ മാതൃക സൃഷ്ടിക്കാൻ ഗൗതം അദാനി ശ്രമിച്ചത് ഹിൻഡൻബർഗിന്റെ ലക്ഷ്യങ്ങൾ ‘സാക്ഷാത്കരിച്ചു’. അദാനിയുടെ എഫ്പിഒ പിന്മാറ്റമാണ് അദാനി ഓഹരികൾക്കു കൂടുതൽ വീഴ്ച നൽകിയത്.

ഹിൻഡൻബർഗിനെതിരെ പ്രതികരിക്കാൻ വൈകിയതും, സൽപേരിനായുള്ള ശ്രമവും, വിദേശ പോർട്ഫോളിയോകൾ അദാനി ഓഹരികൾ വിറ്റ വാർത്തയും ചേർന്ന് അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ പാതിയും കവർന്നെങ്കിലും അടുത്ത തിരുത്തൽ അദാനി ഓഹരികളിൽ അവസരമാണെന്നും വിപണി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

∙ അദാനിയുടെ ഇന്ത്യൻ വായ്പകൾ

അദാനി ഗ്രൂപ്പിന് നൽകിയ വായ്പയുടെ കണക്കുകൾ എസ്ബിഐ, എൽഐസി, ബാങ്ക് ഓഫ് ബറോഡ, പിഎൻബി മുതലായ കമ്പനികൾ ആർബിഐക്ക് സമർപ്പിച്ചു. എസ്ബിഐ മൊത്തം വായ്പയുടെ 0.90% അഥവാ 27,000 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ള വായ്പ. ആക്സിസ് ബാങ്കിന്റെ മൊത്തം വായ്പയുടെ 0.94% മാത്രമാണ് അദാനി ഗ്രൂപ് കമ്പനികൾക്ക് നൽകിയിട്ടുള്ളത്. പിഎൻബി, ബാങ്ക് ഓഫ് ബറോഡ എന്നിവ 7000 കോടി രൂപ വീതം അദാനി ഗ്രൂപ് കമ്പനികൾക്ക് വായ്പ നൽകിയിട്ടുണ്ട്. എൽഐസി അദാനി എന്റർപ്രൈസസിൽ 4.23%വും, അദാനി പോർട്ടിൽ 9.14%വും, അദാനി ടോട്ടൽ ഗ്യാസിൽ 5.96%വും ഓഹരികൾ കയ്യാളുന്നുണ്ട്. വായ്പയും ഓഹരികളുമായി എൽഐസിക്ക് അദാനി ഗ്രൂപ്പിൽ 36474 കോടി രൂപയുടെ നിക്ഷേപമുണ്ട്.

∙ ഓഹരികളും സെക്ടറുകളും

ആസ്തി വികസനത്തിനായി യൂണിയൻ ബജറ്റിൽ 10 ലക്ഷം കോടി രൂപ വകയിരുത്തിയത് ഇൻഫ്ര, സിമന്റ്, മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികൾക്ക് അനുകൂലമാണ്. ഇന്ത്യയുടെ ജിഡിപി വളർച്ചയെയും കേന്ദ്ര ചെലവിടലിലെ 33% വർധന സ്വാധീനിക്കും. റെയിൽവേ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ അനുവദിച്ചതും ഇൻഫ്ര-ക്യാപിറ്റൽ ഗുഡ്‌സ് മേഖലയ്ക്ക് പ്രത്യേകിച്ച് റെയിൽ ഓഹരികൾക്ക് അനുകൂലമാണ്. എസ്ബിഐ മുൻ പാദത്തിൽ നിന്നും വരുമാന-ലാഭ വളർച്ചകൾ കുറിച്ചത് ഓഹരിക്കനുകൂലമാണ്. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്. ബാങ്ക് 15888 കോടി രൂപയുടെ അറ്റാദായം നേടി.

ഐടിസിയു മൂന്നാം പാദത്തിൽ മികച്ച റിസൾട്ട് പുറത്തു വിട്ടു. വരുമാന വർധന കുറിച്ച സിഗരറ്റ് കമ്പനി 5080 കോടി രൂപയുടെ റെക്കോർഡ് അറ്റാദായവും സ്വന്തമാക്കി. ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം മുൻ പാദത്തിലെ 3392 കോടിയിൽ നിന്നും ഡിസംബറിൽ 4356 കൊടിയിലേക്ക് വളർന്നപ്പോൾ വരുമാനത്തിലും വൻ വർധന കുറിച്ചത് ഓഹരിക്കനുകൂലമാണ്. ഐഡിയയുടെ പലിശ അടക്കം സർക്കാരിന് കിട്ടാനുള്ള 16133 കോടി രൂപ ഓഹരിയാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് ഓഹരിക്കനുകൂലമാണ്. ഇതോടെ കടക്കെണിയിൽപ്പെട്ട ടെലികോം കമ്പനിയുടെ 33% ഓഹരി സർക്കാരിന്റേതായി മാറും.

20% എഥനോൾ കൂടി ചേർത്ത പെട്രോളിന്റെ വിൽപന നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഷുഗർ സെക്ടറിന് അനുകൂലമാണ്. 2014ൽ 1.4 % എഥനോൾ പെട്രോളിൽ ചേർത്ത് തുടങ്ങിയെങ്കിലും 2030ലെ ലക്ഷ്യമാണ് 2023ൽ തന്നെ കൈവരിക്കുന്നത്.

∙ റിസൾട്ടുകൾ

അദാനി ട്രാൻസ്മിഷൻ, അദാനി പോർട്സ്, അദാനി ഗ്രീൻ, അദാനി പവർ, അംബുജ സിമന്റ് മുതലായ അദാനി ഓഹരികൾ അടുത്ത ദവസങ്ങളിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ടാറ്റ സ്റ്റീൽ, വി മാർട്ട്, ബാലാജി അമിൻസ്, എൽഐസി ഹൗസിങ്, മുത്തൂറ്റ് ഫിനാൻസ്, ജെകെ പേപ്പർ, വരുൺ ബിവറേജസ്, ഈസി ട്രിപ്പ്, ആക്ഷൻ കൺസ്ട്രക്ഷൻ എക്വിപ്പ്‌മെന്റ്സ്, റെജസ് നെറ്റ് വർക്ക്, കോൾടെ പാട്ടീൽ, കോഹിനൂർ, കെപിആർ മിൽസ്, ത്രിൽ, ഓൺമൊബൈൽ, എസ്ജെവിഎൻ, ടേസ്റ്റി ബൈറ്റ്സ്, ബിഎൽഎസ്, എസ്ജെവിഎൻ മുതലായ കമ്പനികൾ നാളെയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

∙ ക്രൂഡ് ഓയിൽ

അമേരിക്കൻ തൊഴിൽ കണക്കിലെ അഭൂതപൂർണമായ വളർച്ച വെള്ളിയാഴ്ച്ച ക്രൂഡ് ഓയിലിനും തകർച്ച നൽകി. യൂറോപ്യൻ യൂണിയൻ റഷ്യൻ പെട്രോളിന് വില പരിധി നിശ്ചയിച്ചതും ക്രൂഡിന് നിർണായകമായി. കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിൽ താഴെ വ്യാപാരം അവസാനിപ്പിച്ചു.

∙ സ്വർണം

അമേരിക്കയുടെ തൊഴിൽ കണക്കുകളിലെ വളർച്ച വിപണിയിൽ വീണ്ടും പണപ്പെരുപ്പ ഭയം കൊണ്ട് വന്നത് അമേരിക്കൻ ബോണ്ട് യീൽഡിനെ 3.50 ശതമാനത്തിൽ മുകളിലെത്തിച്ചത് സ്വർണത്തിനും വീഴ്ച നൽകി. വെള്ളിയാഴ്ച രാജ്യാന്തര സ്വർണവില 50 ഡോളറിലേറെ നഷ്ടം നേരിട്ടു.

വാട്സാപ്പ് - 8606666722

English Summary: Share market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com