ADVERTISEMENT

സംഭവബഹുലമായ അധ്യായമായിരുന്നു പാക്കിസ്ഥാനിൽ പർവേസ് മുഷറഫിന്റെ അധികാരത്തിലേക്കുളള രംഗപ്രവേശനവും വീഴ്ചയും. ഇരുസംഭവങ്ങളിലും നിർണായക സ്ഥാനത്തുണ്ടായിരുന്നയാൾ നവാസ് ഷെരീഫ് ആണ്. ഭരണത്തിലുള്ളപ്പോൾ സർവാധികാരം. അതുകഴിഞ്ഞാൽ ഒന്നുകിൽ കേസും ജയിലും; അല്ലെങ്കിൽ ഗൾഫിലോ ലണ്ടനിലോ പ്രവാസം. പാക്ക് രാഷ്ട്രീയത്തിൽ ആവർത്തിക്കുന്ന രംഗത്തിന്റെ ഒരു ഭാഗത്തിന് അവസാനമായി; പാക്കിസ്ഥാന്റെ പത്താം പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. നവാസ് ഷരീഫ് രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ (1997–99) വിശ്വസ്തനായ സേനാമേധാവിയായിരുന്നു മുഷറഫ്. എന്നാല്‍ അധികം വൈകാതെ ഷരീഫ് – മുഷറഫ് ബന്ധം വഷളായി.

1998ൽ, ഭരണത്തിൽ സൈന്യത്തിനു പ്രാമുഖ്യം വേണമെന്ന് ആവശ്യപ്പെട്ട കരസേനാ മേധാവി ജഹാംഗിർ കാറമത്തിന്റെ രാജിയെത്തുർന്നാണ് മുഷറഫ് മേധാവിയാകുന്നത്. അടുത്ത കരസേനാ മേധാവിയാകേണ്ട അലി ഖലിഖാനെ മറികടന്നായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഷെരീഫ് മുഷറഫിനെ നിയമിച്ചത്. തുടർന്ന് ഖലിഖാനും മറ്റ് രണ്ട് മുതിർന്ന ജനറൽമാരും രാജിവച്ചു. പഞ്ചാബി ഓഫിസർ ക്ലാസ്സിന്റെ ഭാഗമല്ലാത്തതിനാൽ സൈന്യത്തിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ മുഷറഫിനു ലഭിക്കില്ല എന്നായിരുന്നു ഷെരീഫിന്റെ കണക്കുകൂട്ടൽ.

ഇന്ത്യയിലെത്തിയ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെ രാഷ്ട്രപതി കെ.ആർ. നാരായണന്റെയും പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ഔപചാരികമായി സ്വീകരിക്കുന്നു. 2001 ജൂലൈ 14ലെ ചിത്രം.
ഇന്ത്യയിലെത്തിയ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെ രാഷ്ട്രപതി കെ.ആർ. നാരായണന്റെയും പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ഔപചാരികമായി സ്വീകരിക്കുന്നു. 2001 ജൂലൈ 14ലെ ചിത്രം.

എന്നാൽ ഈ ധാരണ തെറ്റായിരുന്നുവെന്ന് തെളിയാൻ 1 വർഷം പോലും വേണ്ടിവന്നില്ല. 1999ലെ കാർഗിലിലെ ആക്രമണം പ്രധാനമന്ത്രി അറിയാതെ പട്ടാളം തുടങ്ങിവെച്ചതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സൈന്യവും സർക്കാരും തമ്മിലുള്ള ഉരസലുകൾ തുടരുന്നതിനിടയിൽ 1999 ഒക്ടോബറിൽ മുഷറഫിനെ നവാസ് ഫെരീഫ് സൈനികമേധാവി സ്ഥാനത്തുനിന്ന് നീക്കി.

പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനും ഭാര്യ സെഹ്ബയ്ക്കും ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നൽകിയ സ്വീകരണം. കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന നട്‌വർ സിങ് സമീപം. 2005 ജൂൺ 13ലെ ചിത്രം. (ചിത്രം: മലയാള മനോരമ ആർക്കൈവ്സ്)

1999ൽ മുഷറഫ് ശ്രീലങ്ക സന്ദർശിക്കുന്നതിനിടെയായിരുന്നു പുറത്താക്കൽ. ഇത് നടപ്പാക്കാൻ സൈന്യത്തിലെ ഉന്നതർ വിസമ്മതിച്ചു. തിരിച്ചെത്തിയ മുഷറഫിന്റെ വിമാനത്തിന് കറാച്ചിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. ഏറെനേരം ആകാശത്തു വട്ടമിട്ട ശേഷം, ഇന്ധനം തീരുന്നതിനു തൊട്ടുമുൻപാണ് മുഷറഫിന്റെ വിമാനം നിലംതൊട്ടത്.

ദുബായിൽനിന്ന് കറാച്ചി വിമാനത്താവളത്തിലെത്തിയ പർവേസ് മുഷറഫ്. 2013 മാർച്ച് 24ലെ ചിത്രം. (AFP PHOTO/ AAMIR QURESHI)
ദുബായിൽനിന്ന് കറാച്ചി വിമാനത്താവളത്തിലെത്തിയ പർവേസ് മുഷറഫ്. 2013 മാർച്ച് 24ലെ ചിത്രം. (AFP PHOTO/ AAMIR QURESHI)

സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച മുഷറഫ്, ഷരീഫിനെ പുറത്താക്കുക മാത്രമല്ല ജയിലിലടയ്ക്കുകയും ചെയ്തു. മുഷറഫുമായി ഒത്തുതീർപ്പിലെത്തി ഷരീഫും കുടുംബവും പിന്നീട് രാജ്യംവിട്ടു.

∙ പ്രതിസന്ധികളുടെ 2007

8 വർഷം ഭരിച്ചപ്പോഴേക്കും ജനപിന്തുണ നഷ്ടമായ മുഷറഫിന് 2007 പ്രതിസന്ധികളുടെ വർഷമായിരുന്നു. നീതിപീഠത്തോട് ഇടഞ്ഞ് ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ ചൗധരിയെ മാർച്ചിൽ പുറത്താക്കി; പിന്നാലെ നൂറിലേറെ ന്യായാധിപന്മാരെയും പിരിച്ചുവിട്ടു. പിന്നെ തിരിച്ചടികൾ മാത്രമായിരുന്നു. ജനമനസ്സു മാറുന്നതു തിരിച്ചറിഞ്ഞതോടെ, പ്രവാസത്തിലായിരുന്ന നവാസ് ഷരീഫും ബേനസീർ ഭൂട്ടോയും നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. സെപ്റ്റംബറിൽ പാക്കിസ്ഥാനിലെത്തിയ ഷരീഫിനെ മുഷറഫ് സൗദിയിലേക്കു തിരിച്ചയച്ചു.

പർവേസ് മുഷറഫ് ദുബായിൽ. 2012 ജനുവരി 8ലെ ചിത്രം. (REUTERS/Jumana El Heloueh)
പർവേസ് മുഷറഫ് ദുബായിൽ. 2012 ജനുവരി 8ലെ ചിത്രം. (REUTERS/Jumana El Heloueh)

എന്നാൽ, നവംബറിൽ ഷരീഫ് വീണ്ടും പാക്കിസ്ഥാനിലിറങ്ങി. ബേനസീർ ഭൂട്ടോ ഒക്ടോബറിൽ തിരിച്ചെത്തിയപ്പോൾത്തന്നെ ചാവേർ ബോംബാക്രമണമുണ്ടായി; ബേനസീർ കഷ്ടിച്ചു രക്ഷപ്പെട്ടു. ഡിസംബർ 27നു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബേനസീർ കൊല്ലപ്പെട്ടു. 2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ബേനസീറിന്റെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വൻ വിജയം നേടി.

പർവേസ് മുഷറഫും സൈനിക മേധാവിയായി നിയമിതനായ അഷ്ഫാഖ് കിയാനിയും. 2007 നവംബർ 28ലെ ചിത്രം. (AFP PHOTO/Aamir QURESHI)
പർവേസ് മുഷറഫും സൈനിക മേധാവിയായി നിയമിതനായ അഷ്ഫാഖ് കിയാനിയും. 2007 നവംബർ 28ലെ ചിത്രം. (AFP PHOTO/Aamir QURESHI)

∙ പടിയിറങ്ങിയത് ഇംപീച്മെന്റ് ഉറപ്പായതോടെ

ഇംപീച്മെന്റ് നടപടികൾ ഉറപ്പായതോടെയാണ് മുഷറഫ് പടിയിറങ്ങിയത്. പിന്നാലെ, ബേനസീറിന്റെ ഭർത്താവ് ആസിഫ് അലി സർദാരി പ്രസിഡന്റായി. 2013ലെ തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് അധികാരത്തിൽ തിരിച്ചെത്തി. പാലൂട്ടി വളർത്തിയ തന്നെ മുഷറഫ് നോവിച്ചുവിട്ടത് അദ്ദേഹം മറന്നിരുന്നില്ല. മുഷറഫിനെതിരായ കേസുകൾ ഒന്നൊന്നായി സജീവമായി. 2017ൽ ഷരീഫിനെയും സുപ്രീംകോടതി പുറത്താക്കി; 2018ൽ 10 വർഷം തടവിനു ശിക്ഷിച്ചു. അതോടെ രണ്ടുപേർക്കും ഏറെക്കുറെ ഒരേ ഗതിയായി.

പർവേസ് മുഷറഫ് ഡൽഹിയിൽ ഒരു പരിപാടിയോട് അനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ. 2012 നവംബർ 17ലെ ചിത്രം. (AFP PHOTO/RAVEENDRAN)
പർവേസ് മുഷറഫ് ഡൽഹിയിൽ ഒരു പരിപാടിയോട് അനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ. 2012 നവംബർ 17ലെ ചിത്രം. (AFP PHOTO/RAVEENDRAN)

മുൻപുതന്നെ നാടുവിട്ടതിനാൽ മുഷറഫ് ജയിലിലായില്ലെന്നു മാത്രം. എന്നാൽ, രോഗബാധിതനായി മുഷറഫ് ദുബായിൽ ആശുപത്രിയിലായി. രോഗിയായ ഷരീഫിനെ ചികിത്സയ്ക്കായി ലണ്ടനിലുമെത്തിച്ചു. സ്ഥാനഭ്രഷ്ടനായ ശേഷം പാക്കിസ്‌ഥാനിലെ മറ്റൊരു മുൻ പട്ടാളഭരണാധിപനും നേരിടാത്ത ദുർഘടസ്‌ഥിതിയിലായിരുന്നു മുഷറഫ്. ദുബായിൽ അഭയം തേടിയശേഷം പാക്ക് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാൻ അദ്ദേഹം വിഫലശ്രമം നടത്തിയിരുന്നു.

ക്യൂബയിലെ ഹവാനയിൽ 14ാമത് ചേരിചേരാ സമ്മേളനത്തിന്റെ ഭാഗമായി കണ്ടുമുട്ടിയ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും. 2006ലെ ചിത്രം (PTI PHOTO by SUBHASH CHANDER MALHOTRA)
ക്യൂബയിലെ ഹവാനയിൽ 14ാമത് ചേരിചേരാ സമ്മേളനത്തിന്റെ ഭാഗമായി കണ്ടുമുട്ടിയ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും. 2006ലെ ചിത്രം (PTI PHOTO by SUBHASH CHANDER MALHOTRA)

വിദേശത്തു കഴിയുമ്പോൾതന്നെ മുഷറഫ് ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. നാട്ടിൽ തിരിച്ചെത്തുകയും അധികാരം വീണ്ടെടുക്കുകയും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. എന്നാൽ, ജനങ്ങളെ ആകർഷിക്കാൻ സംഘടനയ്‌ക്കു കഴിഞ്ഞില്ല. 2013 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാക്കിസ്ഥാനിൽ തിരിച്ചെത്തിയ മുഷറഫിനു മത്സരിക്കാനായില്ല. നാഷനൽ അസംബ്ലിയിലേക്കു മത്സരിക്കാൻ നൽകിയ എല്ലാ പത്രികകളും തള്ളപ്പെട്ടു. തൊട്ടു പിന്നാലെ അറസ്‌റ്റ് ചെയ്യപ്പെട്ട് വീട്ടുതടങ്കലിലായി.

പർവേസ് മുഷറഫ് ദുബായിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ. (REUTERS/Mohammad Abu Omar)
പർവേസ് മുഷറഫ് ദുബായിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ. (REUTERS/Mohammad Abu Omar)

പ്രസിഡന്റായിരുന്ന അവസാന ഘട്ടത്തിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരി ഉൾപ്പെടെ അറുപതോളം ജഡ്‌ജിമാരെ തടങ്കലിലാക്കിയതു സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്‌ക്കു സുരക്ഷാസംവിധാനം ഏർപ്പാടുചെയ്‌തു കൊടുക്കാതെ അവരുടെ മരണത്തിനിടയാക്കി എന്നതുൾപ്പെടെയുള്ള ഗുരുതരമായ കേസുകൾ വേറെയുമുണ്ടായിരുന്നു. 2014ൽ മുഷറഫിനുമേൽ പ്രത്യേക കോടതി വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റം ചുമത്തി.

ഇന്ത്യയിലെത്തിയ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെ രാഷ്ട്രപതി കെ.ആർ. നാരായണന്റെയും പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ഔപചാരികമായി സ്വീകരിക്കുന്നു. 2001 ജൂലൈ 14ലെ ചിത്രം. (PTI Photo
ഇന്ത്യയിലെത്തിയ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെ രാഷ്ട്രപതി കെ.ആർ. നാരായണന്റെയും പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ഔപചാരികമായി സ്വീകരിക്കുന്നു. 2001 ജൂലൈ 14ലെ ചിത്രം. (PTI Photo

ക്രിമിനൽ കുറ്റത്തിനു വിചാരണ നേരിടുന്ന രാജ്യത്തെ ആദ്യ സൈനിക ഭരണാധികാരിയായി മുഷറഫ്. 2016 മാർച്ചിൽ, വിദേശയാത്രാ നിരോധനം നീക്കിയതിനെത്തുടർന്ന്, ചികിത്സയ്ക്കായി അദ്ദേഹം ദുബായിലെത്തി. 2017ൽ, ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു.

പർവേസ് മുഷറഫ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ. 2013 മാർച്ച് 23ലെ ചിത്രം. (REUTERS/Mohammad Abu Omar)
പർവേസ് മുഷറഫ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ. 2013 മാർച്ച് 23ലെ ചിത്രം. (REUTERS/Mohammad Abu Omar)

English Summary: The rise and fall of Pervez Musharraf - the Tenth President of Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com