ന്യൂഡൽഹി∙ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ഡോക്ടർമാരുടെ സംഘത്തേയും ദുരിതാശ്വാസത്തിനാവശ്യമായ വസ്തുക്കളും അയയ്ക്കുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെത്തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യമായ നടപടികളെടുക്കാൻ തീരുമാനിച്ചു. 100 പേർ വീതം അടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘത്തെയും വിദഗ്ദ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെയുമാണ് അയയ്ക്കുന്നത്. ഡോക്ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാകും. തുർക്കിയിലെ ഇന്ത്യൻ എംബസി വഴിയായിരിക്കും ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യുന്നത്. യോഗത്തിൽ കാബിനറ്റ് െസക്രട്ടറിമാർ, ആഭ്യന്തരം പ്രതിരോധം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനത്തിൽ ആയിരത്തി നാനൂറിലധികം പേർ മരിച്ചു. തുർക്കിയിൽ മാത്രം 912 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 560 പേർ മരിച്ചതായാണ് വിവരം.
English Summary: India to send rescue teams to Turkey