ADVERTISEMENT

തിരുവനന്തപുരം∙ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 26.64 ശതമാനത്തിൽ നിന്നും 31.8 ശതമാനം ആയി സംസ്ഥാന നികുതി വർധിപ്പിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

2016 ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പെട്രോളിന്റെ നികുതി വർധിപ്പിച്ചില്ല എന്ന് മാത്രമല്ല കുറയ്ക്കുകയാണുണ്ടായത്. 31.8 ശതമാനത്തിൽ നിന്ന് 30.08 ശതമാനത്തിലേക്ക് നികുതി കുറച്ചു. സംസ്ഥാനങ്ങൾക്കു മാത്രം നികുതി ഈടാക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണ് പെട്രോളും ഡീസലും. ജിഎസ്ടിയുടെ പരിധിയിൽ വരാത്തവ. അവിടെ കടന്നു കയറി സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത സെസും സർചാർജും അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും പിരിക്കുന്ന കേന്ദ്രസർക്കാരാണ് പെട്രോൾ ഡീസൽ വിലവർധനയുടെ യഥാർഥ കാരണക്കാർ. ആത്മാർഥതയുണ്ടെങ്കിൽ യുഡിഎഫ് സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്നും ബാലഗോപാൽ പറഞ്ഞു. 

 

കെ.എൻ.ബാലഗോപാലിന്റെ കുറിപ്പ്

 

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണയാണ് പെട്രോളിന്റെ സംസ്ഥാന നികുതിയിൽ വർധനവ് വരുത്തിയത്. 26.64 ശതമാനത്തിൽ നിന്നും 31.8 ശതമാനം ആയി സംസ്ഥാന നികുതി വർധിപ്പിച്ചു. എന്നാൽ 2016 ൽ അധികാരത്തിലെത്തിയ എൽഡിഎഫ് ഗവൺമെന്റ് പെട്രോളിന്റെ നികുതി വർധിപ്പിച്ചില്ല എന്ന് മാത്രമല്ല കുറയ്ക്കുകയാണുണ്ടായത്. 31.8 ശതമാനത്തിൽ നിന്ന് 30.08 ശതമാനത്തിലേക്ക് നികുതി കുറച്ചു. ഡീസലിന്റെ സംസ്ഥാന നികുതിയാകട്ടെ യുഡിഎഫ് അഞ്ചു തവണയായി 22.4 ശതമാനത്തിൽ നിന്ന് 24.52 ശതമാനത്തിലേക്ക് വർധിപ്പിച്ചു. അതും എൽഡിഎഫ് ഗവൺമെന്റ് 22.76 ശതമാനത്തിലേക്ക്  കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമ്പോൾ ആനുപാതികമായി സംസ്ഥാന നികുതിയിൽ ഉണ്ടാകുന്ന കുറവ് ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ വേണ്ടി സംസ്ഥാന നികുതി ശതമാനം വർധിപ്പിച്ചു കൊണ്ടേയിരുന്ന യുഡിഎഫ് ആണ് ഇപ്പോൾ സമരത്തിന് ഇറങ്ങുന്നത് എന്നോർക്കുന്നത് നല്ലതായിരിക്കും.

2018 ലെ പ്രളയത്തിന് മുൻപ് സ്വാഭാവികമായ നികുതി പരിഷ്കരണം എല്ലാ ബജറ്റുകളിലും ഉണ്ടാകുമായിരുന്നു. പ്രളയവും കോവിഡും വന്നതുകൊണ്ടാണ് നികുതി പരിഷ്കരിക്കുന്നതിൽ നിന്ന് ഗവൺമെന്റ് പിന്നീട്  മാറിനിന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വർധിതമായ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് അധിക വിഭവസമാഹരണം ആവശ്യം വരുന്നു. ആ സാഹചര്യത്തിലാണ് പെട്രോൾ ഡീസൽ സെസ്സായി രണ്ട് രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. 

കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ പറഞ്ഞതുപോലെ  സംസ്ഥാനങ്ങൾക്കു മാത്രം നികുതി ഈടാക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണ് പെട്രോളും ഡീസലും. ജിഎസ്ടിയുടെ പരിധിയിൽ വരാത്തവ. അവിടെ കടന്നു കയറി സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത സെസ്സും സർചാർജും അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും പിരിക്കുന്ന കേന്ദ്രസർക്കാരാണ് പെട്രോൾ ഡീസൽ വിലവർധനയുടെ യഥാർഥ കാരണക്കാർ. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന പെട്രോളിൽ മാത്രം ലിറ്ററിന് 20 രൂപയോളം ആണ് കേന്ദ്രം അധിക നികുതിയായി സമാഹരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കേന്ദ്രം തുടരെത്തുടരെ വർധിപ്പിച്ചപ്പോഴും  വലിയ സമരങ്ങൾ ഒന്നും നടത്താതെ വഴിപാട് പ്രതിഷേധങ്ങൾ മാത്രം നടത്തിയ യുഡിഎഫ് ഇപ്പോൾ, സംസ്ഥാനം പാവങ്ങൾക്ക് പെൻഷൻ നൽകാനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് രണ്ടു രൂപ പെട്രോൾ ഡീസൽ സെസ് ഏർപ്പെടുത്തിയതിനെതിരെ സത്യാഗ്രഹമിരിക്കുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ യുഡിഎഫ് സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിനെതിരെയാണ്. അതിനുള്ള ധൈര്യം കാണിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.

 

English Summary: KN Balagopal explanation on petrol diesel cess

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com