മിസൈലുകളും റോക്കറ്റുകളുമേറ്റു തകർന്നു പ്രേതാലയമായ കെട്ടിടങ്ങൾ, ബുള്ളറ്റുകളും ഷെല്ലുകളുമേറ്റു ചിതറിത്തെറിച്ചു കരിഞ്ഞുണങ്ങിയ മരങ്ങൾ, തലയ്ക്കു മീതെ മരണം പതിയിരിക്കുന്ന, ചോരയും മഞ്ഞും വീണു കുഴഞ്ഞു ചെളിപ്പരുവമായ ട്രഞ്ചുകൾ, യുദ്ധഭൂമിയിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും, തകർന്ന വെടിക്കോപ്പുകളും ടാങ്കുകളും... രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിദമായ രംഗങ്ങൾ ആവർത്തിക്കുകയാണു യുക്രെയ്നിലെ ഡോണട്സ്ക് മേഖലയിൽ. ‘മീറ്റ് ഗ്രൈൻഡർ’ എന്നു വിളിപ്പേരു വീണ ബാഖ്മുതിന്റെ നിയന്ത്രണത്തിനായി റഷ്യയും യുക്രെയ്നും പോരടിക്കുമ്പോൾ ബാക്കിയാകുന്ന കാഴ്ചകളാണു മുകളിൽ വിവരിച്ചത്. ഒരു വർഷത്തോളമായി തുടരുന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ പോരാട്ടമായി വിലയിരുത്തപ്പെടുന്ന ‘ബാറ്റിൽ ഓഫ് ബാഖ്മുത്’ യുക്രെയ്നിനും റഷ്യയ്ക്കും സമ്മാനിക്കുന്നതു സമാനതകളില്ലാത്ത നഷ്ടങ്ങൾ. ഇരുപക്ഷത്തും പ്രതിദിനം മരിച്ചുവീഴുന്നതു നൂറുകണക്കിനു പേർ. പരുക്കേൽക്കുന്നവർ ഇതിന്റെ പലയിരട്ടി. യുക്രെയ്ൻ സൈനികർ ഇതുവരെ ബാഖ്മുതിൽനിന്ന് പിന്മാറാൻ തയാറായിട്ടില്ല. നഗരത്തിലെ ഓരോ തെരുവും ഓരോ വീടും പിടിച്ചടക്കും വരെ പോരാട്ടം തുടരുമെന്നാണ് റഷ്യയുടെ സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെഗുനി പ്രിഗോഷിൻ പറഞ്ഞത്. മരണങ്ങളും നാശനഷ്ടങ്ങളും വകവയ്ക്കാതെ യുക്രെയ്നും റഷ്യയും കൊമ്പുകോർക്കുമ്പോൾ ഉയരുന്ന ചോദ്യം, ഇരുകൂട്ടരും ഇത്ര ‘കനത്ത വില’ കൊടുക്കാൻ മാത്രം എന്തു പ്രത്യേകതയാണ് ബാഖ്മുതിന് എന്നതാണ്. വെറും ഉപ്പുഖനന പ്രദേശം മാത്രമാണ് ബാഖ്മുത് എന്നു പറഞ്ഞു യുക്രെയ്ൻ നിസ്സാരവൽക്കരിക്കുമ്പോൾ ബാഖ്മുതിലെ വിജയം കേക്കിന്റെ മുകളിലെ ചെറി പോലെ ഒഴിവാക്കാനാകാത്തതാണെന്നാണ് യെഗുനി പ്രിഗോഷിന്റെ വാക്കുകൾ. കടുത്ത നാശനഷ്ടം നേരിട്ടിട്ടും ബാഖ്മുതിനു വേണ്ടി ഇരുകൂട്ടരും പോരാട്ടം തുടരുന്നതിനു കാരണം സോവിയറ്റ് റഷ്യയ്ക്കും യുക്രെയ്നും മാത്രം അറിയാവുന്ന ബാഖ്മുതിന്റെ ചില ‘ഇരുണ്ട രഹസ്യങ്ങളാണ്’.
HIGHLIGHTS
- ബാഖ്മുതിൽ അരങ്ങേറുന്നത് ആധുനിക ലോകത്തെ ഏറ്റവും രക്തരൂഷിതമായ യുദ്ധം
- അത്ര ‘പ്രാധാന്യ’മില്ലാത്തൊരു ചെറുനഗരത്തിന്റെ നിയന്ത്രണത്തിനു വേണ്ടി എന്തിനാണു കനത്ത നാശം നേരിട്ടിട്ടും യുക്രെയ്ൻ പ്രതിരോധിക്കുന്നത്?
- ബാഖ്മുത് പിടിച്ചാൽ റഷ്യയ്ക്കു ലഭിക്കുക നിർണായകമായ മേൽക്കൈ; എങ്ങനെ?
- മഞ്ഞുവീഴ്ച അവസാനിച്ച് വസന്തകാലം തുടങ്ങുന്നതോടെ വരുന്നത് സമ്പൂർണ യുദ്ധം?