ADVERTISEMENT

ന്യൂഡൽഹി ∙ കാമുകി ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാല, ശ്രദ്ധയുടെ എല്ലുകൾ പൊടിച്ച് വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തൽ. മൂന്നു മാസത്തോളം ഫ്രിജിൽ സൂക്ഷിച്ചുവച്ച ശേഷം ശ്രദ്ധയുടെ ശിരസാണ് അഫ്താബ് ഏറ്റവും ഒടുവിൽ ഉപേക്ഷിച്ചതെന്നും ഡൽഹി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ശ്രദ്ധയോട് അഫ്താബ് കാട്ടിയ ക്രൂരതകൾ എണ്ണിയെണ്ണി വിശദീകരിക്കുന്നതാണ് കേസിൽ ഡൽഹി പൊലീസ് തയാറാക്കിയ 6,600 പേജുകളുള്ള കുറ്റപത്രം.

2022 മേയ് 18ന് ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം, അഫ്താബ് പൂനവാല സൊമാറ്റോയിൽനിന്നു ചിക്കൻ റോൾ വരുത്തി കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. ഡൽഹി മുതൽ ദുബായ് വരെയുള്ള പ്രദേശങ്ങളിൽനിന്ന് അഫ്താബിന് ഒട്ടേറെ കാമുകിമാരുണ്ടായിരുന്നതായും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

മേയ് 18ന് മുംബൈയിലേക്കു പോകാൻ അഫ്താബും ശ്രദ്ധയും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനിടെ ഇരുവരും തമ്മിൽ വഴക്കിട്ടതോടെ യാത്ര റദ്ദാക്കി. ഇിനു പിന്നാലെയാണ് ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായതും അന്നേരത്തെ ദേഷ്യത്തിൽ അഫ്താബ് ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതും.

കൊലയ്ക്കുശേഷം ശ്രദ്ധയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു അഫ്താബിന്റെ ആദ്യ നീക്കം. ഇതിനായി ബാഗ് വരെ വാങ്ങിയെങ്കിലും, ഉടൻ പിടിക്കപ്പെടാനുള്ള സാധ്യത പരിഗണിച്ച് വേണ്ടെന്നുവച്ചു. ഇതിനുശേഷമാണ് ശരീരം കഷണങ്ങളാക്കാൻ തീരുമാനിക്കുന്നതും അതിനായി ആയുധങ്ങൾ വാങ്ങുന്നതും. പുതിയൊരു വാൾ, ചുറ്റിക, മൂന്നു കത്തികൾ എന്നിവയാണ് ഇതിനായി വാങ്ങിയത്.

35 കഷണങ്ങളാക്കി മുറിച്ചശേഷം ഇവ ഫ്രിജിൽ സൂക്ഷിച്ചു. അഫ്താബിന്റെ കാമുകിമാർ വീട്ടിൽ വരുന്ന ദിവസങ്ങളിൽ മൃതദേഹ ഭാഗങ്ങൾ ഫ്രിജിൽനിന്ന് പുറത്തെടുത്ത് അടുക്കളയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവെന്നും കുറ്റപത്രം പറയുന്നു.

കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ മൊബൈൽ ഫോൺ അഫ്താബായിരുന്നു സൂക്ഷിച്ചിരുന്നത്. മേയ് 18 മുതൽ ശ്രദ്ധയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ അഫ്താബിന്റെ ഫോണിൽനിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ശ്രദ്ധയുടെ ലിപ്സ്റ്റിക്കിനൊപ്പം ഫോണും മുംബൈയിൽ ഉപേക്ഷിച്ചു. ശ്രദ്ധയുടെ ശരീരത്തിന്റെ 20 ഭാഗങ്ങൾ ഇതിനകം അന്വേഷണ സംഘം കണ്ടെടുത്തു. ഏറ്റവും ഒടുവിൽ ഉപേക്ഷിച്ചെന്നു പറയുന്ന ശിരസ് ഉൾപ്പെടെ ഇനിയും കണ്ടെത്താനുണ്ട്. 

2022 മെയ് 18നാണ് പങ്കാളിയായ ശ്രദ്ധ വോള്‍ക്കറെ അഫ്താബ് കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. ദുർഗന്ധം വരാതിരിക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു.

മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോൾ, ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവർ ഡൽഹിയിലേക്കു താമസം മാറുകയായിരുന്നു. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്.

English Summary: "Aaftab Poonawala Ground Shraddha Walkar's Bones In Mixer," Say Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com