ADVERTISEMENT

തിരുവനന്തപുരം∙ വെള്ള ഉപഭോഗത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവന തിരുത്തി മന്ത്രി റോഷി അഗസ്റ്റിന്‍. ഒരാള്‍ക്ക് കേന്ദ്രം പറയുന്നത് 50 ലീറ്റര്‍ എന്നും, കേരളം പറയുന്നത് 100 ലീറ്റര്‍ എന്നുമാണ്. പ്രസ്താവനയുടെ പേരില്‍ തന്നെ പരിഹസിക്കുന്നതു ഖേദകരമാണെന്നും മന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. നാലു പേരുള്ള ഒരു കുടുംബത്തിനു ദിവസം 100 ലീറ്ററിലധികം വെള്ളം വേണോയെന്നായിരുന്നു നേരത്തെ മന്ത്രി സഭയില്‍ ചോദിച്ചത്. ഈ പ്രസ്താവനയാണ് അദ്ദേഹം തിരുത്തിയത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

കേന്ദ്രം പറയുന്നു ഒരാള്‍ക്ക് 55 ലീറ്റര്‍, കേരളം കണക്കു കൂട്ടുന്നത് 100 ലീറ്റര്‍: തെറ്റിദ്ധാരണ വേണ്ട; കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലീറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലീറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളത്തിൽ ഇത് 100 ലീറ്റര്‍ എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലീറ്റര്‍ എന്നു കണക്കു കൂട്ടുകയാണെങ്കില്‍ മാസം 15,000 ലീറ്റര്‍ ജല ഉപഭോഗം വരും.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15,000 ലീറ്റര്‍ വരെ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഒരാള്‍ ദിവസം 100 ലീറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്. വെള്ളത്തിന്റെ ഉപഭോഗം പൊതുവേ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വീടുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും അലങ്കാരച്ചെടികളും വീട്ടിലെ ചെടികളും വൃക്ഷങ്ങളും നനയ്ക്കുന്നതുമൊക്കെ.

കുടിവെള്ളത്തിന്റെ ദുരുപയോഗം ജനങ്ങള്‍ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ് എന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന മുന്നറിയിപ്പ് നാം അവഗണിക്കേണ്ട. ജലം അമൂല്യമാണെന്നും അതു പാഴാക്കരുതെന്നും ഏവരും മനസിലാക്കുന്നത് വരും തലമുറയ്ക്കു കൂടി ഗുണകരമാകും എന്ന് ഉറപ്പാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കട്ടെ.

English Summary: Minister Roshy Augustine explains that 100 litres water per person not 100 liters per family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com