ADVERTISEMENT

കൊല്‍ക്കത്ത∙ ബംഗാളില്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെതിരെ വീണ്ടും ബിജെപിയുടെ രൂക്ഷമായ പ്രതിഷേധം. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബിജെപി ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബിജെപി എംഎല്‍എമാര്‍ അതിശക്തമായി പ്രതിഷേധിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെ തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ സഭവിട്ടു.

ഗവര്‍ണര്‍ ആനന്ദ ബോസ് പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗം വായിച്ച ഗവര്‍ണര്‍ക്കെതിരെയും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചു. പ്രസംഗത്തിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും അഴിമതിക്കാരായ സര്‍ക്കാരാണിത്. ഗവര്‍ണറുടെ പ്രസംഗത്തില്‍ അഴിമതിക്കേസുകളെക്കുറിച്ചോ ടിഎംസി നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് സഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നു സുവേന്ദു അധികാരി പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി ബിജെപി സംസ്ഥാന നേതൃത്വത്തിന് ഗവര്‍ണറുടെ നടപടികളില്‍ കടുത്ത അതൃപ്തിയാണുള്ളത്. ഗവര്‍ണര്‍ക്കെതിരായ പരസ്യപ്രതികരണം പാടില്ലെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഡിലിറ്റ് നല്‍കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ മമതയെ സര്‍വപ്പള്ളി രാധാകൃഷ്ണന്‍, എ.പി.ജെ.അബ്ദുള്‍ കലാം, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരോട് താരതമ്യപ്പെടുത്തിയതിനെതിരെ ബിജെപി, സിപിഎം നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

English Summary: BJP MLAs stage walkout during West Bengal Governor CV Ananda Bose's address to the assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com