ADVERTISEMENT

തിരുവനന്തപുരം∙ നികുതി ഇളവില്ലെന്ന് ധനമന്ത്രിയും, സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചതോടെ ‘ഇന്ധന സെസ്’ രാഷ്ട്രീയമായി കത്തുമെന്ന് ഉറപ്പായി. നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹം നടത്തിയ പ്രതിപക്ഷം, വ്യാഴാഴ്ച സഭ പിരിയുന്നതോടെ കേരളത്തിന്റെ വിവിധയിടങ്ങളിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചു.

നികുതികൾ കുറയ്ക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ബജറ്റിനു പിറ്റേദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫിസ് പ്രതികരിച്ചത്. നികുതി കുറയ്ക്കില്ലെന്ന് എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു. ചെറിയ മാറ്റങ്ങൾ പ്രതിപക്ഷം പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഏപ്രിൽ ഒന്നു മുതലാണ് ഇന്ധന സെസ് അടക്കമുള്ള നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്. അപ്പോഴേക്കും പ്രതിപക്ഷ സമരം തണുക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

വിവാദ വിഷയങ്ങളിലെ പ്രതിപക്ഷ സമരങ്ങൾ കെട്ടടങ്ങിയതിന്റെ ഓർമയിലാണ് സർക്കാർ. നികുതി വർധനയിൽ പ്രതിപക്ഷത്തിനാണ് എതിർപ്പെന്നും ജനങ്ങൾക്ക് എതിർപ്പില്ലെന്നുമാണ് എൽഡിഎഫ് നേതാക്കളുടെ അവകാശവാദം. സാമൂഹ്യസുരക്ഷാ പദ്ധതികൾ നിലനിർത്താൻ ഇന്ധനസെസ് ഏർ‌പ്പെടുത്തിയത് ജനത്തിന് മനസ്സിലാകുമെന്നും അവർ പറയുന്നു. പ്രധാന തിരഞ്ഞെടുപ്പുകൾ അടുത്തൊന്നും ഇല്ലാത്തത് സർക്കാരിന് ആശ്വാസമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് 2024ലെ കേരള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുക. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനരോഷം മറികടക്കാനാകുമെന്നും സർക്കാർ കണക്കു കൂട്ടുന്നു.

Read Also: ചൈനീസ് ചാരബലൂൺ ഇന്ത്യയെ ലക്ഷ്യമിട്ടു; സൈനിക വിവരങ്ങൾ ചോർത്തി: റിപ്പോർട്ട്

നികുതി വർധന അനിവാര്യമാണെന്ന് ധനമന്ത്രി, മുഖ്യമന്ത്രിയെയും പ്രധാന എൽഡിഎഫ് നേതാക്കളെയും ബജറ്റിനു മുന്നോടിയായി അറിയിച്ചിരുന്നു. കേന്ദ്രസഹായം കുറയുന്നതിനാൽ, ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകാൻ നികുതി വർധന ആവശ്യമാണെന്ന ധനമന്ത്രിയുടെ നിലപാടിന് അംഗീകാരം ലഭിച്ചു. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന സംസ്ഥാനതല യാത്ര ഫെബ്രുവരി 18ന് ആരംഭിക്കുകയാണ്. കേന്ദ്രമാണ് സംസ്ഥാനത്തെ നികുതി വർധനവിലേക്കു തള്ളിവിട്ടതെന്ന് ഉയർത്തിക്കാട്ടാനാണ് തീരുമാനം.

അതേസമയം, നികുതി വർധനയ്‍‌‌ക്കെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ധനസെസ് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്. സാമൂഹിക ക്ഷേമപെൻഷൻ 2,500 ആക്കി ഉയർത്തുമെന്ന് പറഞ്ഞവർ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു രൂപപോലും വർധിപ്പിച്ചിട്ടില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

English Summary: Congress protest against fuel tax hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com