ന്യൂഡൽഹി∙ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഉണ്ടായ വൻഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. തുർക്കിയിൽ ബിസിനസ് സന്ദർശനത്തിനെത്തിയ ഇന്ത്യക്കാരനെയാണ് കാണാതായത്. 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുർക്കിയിൽ ആകെ 3,000 ഇന്ത്യക്കാരുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
‘‘തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സ്ഥാപിച്ചു. 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. അവർ സുരക്ഷിതരാണ്. ബിസിനസ് സന്ദർശനത്തിനു പോയ ഒരു ഇന്ത്യൻ പൗരനെ കാണാതായി. അദ്ദേഹത്തിന്റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെടുന്നുണ്ട്’’– വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് വർമ പറഞ്ഞു.
‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ ഇന്ത്യ സിറിയയിലേക്ക് മരുന്നുകളും തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെയും അയയ്ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ഭൂകമ്പത്തിൽ 11,000-ത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ സഹായം മേഖലയിലേക്ക് എത്തിത്തുടങ്ങി.
English Summary: Indian Missing After Turkey Quake, Was There On Business Trip: Centre