ADVERTISEMENT

കോഴിക്കോട് ∙ പന്തീരങ്കാവ് യുഎപിഎ കേസിൽ എന്‍ഐഎക്ക് തിരിച്ചടി. കേസിൽ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. വിശദമായ വാദത്തിനു ശേഷമാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളിയത്.

അലൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില പോസ്റ്റുകൾ അനുചിതമാണ്. എന്നാൽ ഇത് ജാമ്യം റദ്ദാക്കാൻ മാത്രമുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്ന കോടതി അലന് നിർദേശവും നൽകി.

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനൽ കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍ഐഎ കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി പന്നിയങ്കര പൊലീസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോടതി നിർദ്ദേശപ്രകാരം ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ അലന് അനുകൂലമായിരുന്നു പന്നിയങ്കര പൊലീസിന്റെ നിലപാട്.

എന്നാൽ, പാലയാട് ക്യാംപസിലെ സംഭവത്തിനു ശേഷം ആദ്യം നൽകിയതിനു നേരെ വിപരീതമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇക്കാര്യം ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ജാമ്യം റദാക്കണമെന്ന ആവശ്യം തള്ളിയത് എന്‍ഐഎക്കൊപ്പം സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടിയായി.

English Summary: NIA Court Refuses To Stay Bail Granted To Alal Shuhaib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com