കലഞ്ഞൂർ∙ പത്തനംതിട്ട കലഞ്ഞൂരിൽ കെഐപി വലിയ കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുടുത്ത അനന്തു ഭവനിൽ രാജന്റെ മകൻ അനന്തുവിന്റെ (26) മൃതദേഹമാണ് ഇന്നലെ രാവിലെ കാരുവയൽ പാലത്തിന് താഴെ കണ്ടെത്തിയത്. അനന്തുവിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് മൂർച്ചയേറിയ ആയുധംകൊണ്ടുള്ളതാണെന്ന് കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചു.
മൂന്ന് ദിവസം മുൻപാണ് അനന്തുവിനെ കാണാതായത്. അനന്തുവിനെ കാണാനില്ലെന്ന് പിതാവ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളത്തിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. ചെവിക്ക് മുകളിലായി വെട്ടേറ്റ പോലുള്ള അടയാളം കണ്ടെത്തിയിരുന്നു. അര കിലോമീറ്റർ ദൂരത്തിൽ രക്തക്കറയും കാണപ്പെട്ടു. കനാൽ ഭാഗത്തുനിന്ന് അനന്തുവിന്റെ മൊബൈൽ ഫോണും കണ്ടെത്തി. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അഗ്നിരക്ഷാ വിഭാഗം എത്തിയാണ് മൃതദേഹം കരയ്ക്കു കയറ്റിയത്.
English Summary: Pathanamthitta Kalanjoor Youth death - Follow up