കണ്ണൂർ∙ നിടുംപൊയിലിന് സമീപം വാരപീടികയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കര്‍ണാടക സ്വദേശിയായ റോഹൻ (23) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ആയിരുന്നു അപകടം. തലശേരിയില്‍നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കര്‍ണാടകയിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണു കൂട്ടിയിടിച്ചത്.
ബെംഗളൂരുവിൽനിന്ന് നാലു ബൈക്കുകളിലായാണ് റോഹൻ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ബെംഗളൂരു ജെയിൻ കോളജിലെ എംബിഎ വിദ്യാർഥികളായ ജിനിത്ത്, ഹേമന്ത്, വികാസ്, റോഹന്റെ ബന്ധു ചിൻമയി എന്നിരാണ് ഒപ്പമുണ്ടായിരുന്നത്. റോഹനും മറ്റു രണ്ടു പേരും ഓരോ ബൈക്കുകളിലും മറ്റു രണ്ടു പേർ ഒരു ബൈക്കിലുമായിരുന്നു യാത്ര.
വാരപ്പീടികയിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, എതിരെ വരികയായിരുന്ന സ്വകാര്യ ബസിൽ ഇടിച്ചായിരുന്നു അപകടം. യുഎസിലേക്ക് പോകാൻ ജോബ് ലെറ്റർ ലഭിച്ചു കാത്തിരിക്കുന്നതിനിടെയാണ് റോഹൻ കൂട്ടുകാർക്കൊപ്പം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ബെംഗളൂരു നോർത്ത് മുത്തയലങ്ങ എച്ച് 33 ജെപി പാർക്കിലെ വി.അംബരീഷ–ജയശ്രീ ദമ്പതികളുടെ മകനാണ്. സഹോദരി: അബിഗ്‌ന. പേരാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
English Summary: One killed in private bus-bike collision in Kannur