റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും

INDIA-ECONOMY-INTEREST-RATE
(Photo by PUNIT PARANJPE / AFP)
SHARE

ന്യൂഡൽഹി ∙ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിനു പിന്നാലെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവവ് കാലയളവോ വർധിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടുമെങ്കിലും, വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വർധന സ്ഥിരനിക്ഷേപ പലിശ നിരക്കിൽ ഉണ്ടാകാറില്ല.

ഒൻപത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടർച്ചയായ ആറാം തവണയാണ്. ഈ സാമ്പത്തിക വർഷം ഇതിനു മുൻപ് 5 തവണയാണ് റിസർവ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ചേർന്നത്. അഞ്ച് തവണയും റീപ്പോ നിരക്ക് ഉയർത്തിയിരുന്നു. മൊത്തം 2.25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്. ഇതിനു പിന്നാലെയാണ് ആറാം തവണയും നിരക്ക് വർധിപ്പിച്ചത്.

വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. റീപ്പോ നിരക്കിനു പകരം റിവേഴ്സ് റീപ്പോ നിരക്ക് കൂട്ടുമെന്നും വാദമുയർന്നിരുന്നു.

എന്താണ് റീപ്പോ നിരക്ക്?

വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണം ഇല്ലെങ്കിൽ ആർബിഐ ബാങ്കുകൾക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റീപ്പോ.

എന്താണ് റീവേഴ്സ് റീപ്പോ?

വായ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യിൽ കുമിഞ്ഞുകൂടിയാൽ ആർബിഐ അതു നിക്ഷേപമായി സ്വീകരിക്കും. അതിനു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റീപ്പോ.

English Summary: RBI Monetary Policy 2023: Repo rate increased by 25 bps to 6.5%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS