ചെന്നൈ ∙ തമിഴ്നാട് കടലൂരിൽ കുടുംബവഴക്കിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി. അക്രമിയും തീകൊളുത്തി മരിച്ചു. തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി, തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ധനലക്ഷ്മിയുടെ ഭർത്താവ് സർഗുരു എന്നിവരാണ് മരിച്ചത്. സർഗുരുവാണ് മറ്റുള്ളവരെ തീകൊളുത്തി കൊന്നത്.
ഗുരുതരമായി പരുക്കേറ്റ ധനലക്ഷ്മി സർക്കാർ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. കടലൂരിൽ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാർ കോവിൽ തെരുവിലാണ് ദാരുണ സംഭവം. പ്രകാശ് – തമിഴരസി ദമ്പതികൾ ഇവിടെയാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകളാണ് ഹാസിനി. സർഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറ്റി. ഇതിനുപിന്നാലെ സർഗുരു ഇവിടെയെത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു.
Read Also: ബംഗാളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്‌കരിച്ച് ബിജെപി എംഎല്‍എമാര്‍
പ്രശ്നം വഷളായതോടെ പ്രകോപിതനായ സർഗുരു, കയ്യിൽ കരുതിയിരുന്ന പെട്രോൾ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ചു. ഇതു തടയാൻ ശ്രമിച്ച തമിഴരസിയുടെയും കുഞ്ഞിന്റെയും ദേഹത്തും പെട്രോളൊഴിക്കുകയും കത്തിക്കുകയുമായിരുന്നു. രണ്ടു കുഞ്ഞുങ്ങളും തമിഴരസിയും തൽക്ഷണം മരിച്ചു. പിന്നാലെ സർഗുരു സ്വയം തീകൊളുത്തി ജീവനൊടുക്കി. ഗുരുതരമായി പൊള്ളലേറ്റ ധനലക്ഷ്മിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
English Summary: Four people burnt to death in Cuddalore