തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 8000 കടന്നു; കെട്ടിടങ്ങൾക്കടിയിൽപ്പെട്ട ആയിരങ്ങൾക്കായി തിരച്ചിൽ

turkey-earthquake-070223
പൊന്നേ... അച്ഛനുണ്ട് ചാരെ: തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിൽ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽപെട്ടു മരിച്ച 15 വയസ്സുകാരിയായ മകൾ ഇർമാക്കിന്റെ കൈയിൽ പിടിച്ചിരിക്കുന്ന പിതാവ് മെസ്യൂട്ട് ഹാൻസർ. ഈ കെട്ടിടത്തിലായിരുന്നു ഇവരുടെ വീട്. പ്രിയപുത്രിയുടെ നിശ്ചലമായ കൈകൾ കണ്ടപ്പോൾ മുതൽ അതിൽ മുറുകെപ്പിടിച്ച്, അവിടെനിന്നു മാറാതെയിരിക്കുന്ന മെസ്യൂട്ട് തുർക്കിയിലെ ഭൂകമ്പത്തിലെ സങ്കടക്കാഴ്ചകളിലൊന്നു മാത്രമാണ്. ആയിരത്തിലേറെ കുട്ടികൾ ദുരന്തത്തിൽ മരിച്ചിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ചിത്രം: എഎഫ്പി
SHARE

ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 8000 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്.

തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ തുർക്കിയിലെ ഗസിയാൻടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ – തീവ്രത 6. ഇതിനു പുറമേ 285 തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു.

തുർക്കിയിൽ മാത്രം ആറായിരത്തോളം മരണം സ്ഥിരീകരിച്ചു; 20000ൽ അധികം പേർക്കു പരുക്കേറ്റു. സിറിയയിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇതിൽ 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. മരണം 20,000 വരെ ഉയർന്നേക്കുമെന്നാണു നിഗമനം. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്.

സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. നഷ്ടമാകുന്ന ഓരോ നിമിഷവും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുകയാണ്. പല പ്രദേശങ്ങളിൽ വൈദ്യുതിയും വെള്ളവും ഇല്ലാത്തതു ദുരിതം കൂട്ടി.

തുർക്കി അധികൃതരുടെ കണക്കുപ്രകാരം 3 ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായി. തുർക്കിയിൽ 5775 കെട്ടിടങ്ങളാണു തകർന്നത്. ഇതിൽ ചരിത്രപ്രാധാന്യമുള്ള പൗരാണികകെട്ടിടങ്ങളും ഉൾപ്പെടുന്നു. തുർക്കിയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ സിറിയയിലെ ഹമയിൽ വരെ കെട്ടിടങ്ങൾ തകർന്നു. തുർക്കിയിലെ 10 പ്രവിശ്യകൾ ദുരിതബാധിതമായി പ്രഖ്യാപിച്ചു.

∙ തിങ്കളാഴ്ചയുണ്ടായ വൻഭൂകമ്പത്തിൽ‌ തകർന്നടിഞ്ഞ് തുർക്കിയും സിറിയയും.

∙ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ആയിരക്കണക്കിനാളുകൾ.

∙ പരുക്കേറ്റവർ 20,000 കവിഞ്ഞു.

∙ ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ 11,000 കെട്ടിടങ്ങൾ

∙ രാജ്യാന്തര ദുരിതാശ്വാസ സംഘങ്ങൾ ദുരന്തമേഖലയിലേക്ക്

∙ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനു തടസ്സം

∙ മരിച്ചവരിൽ ആയിരത്തിലേറെ കുട്ടികളും

∙ തുർക്കിയിൽ തകർന്നത് ആറായിരത്തോളം കെട്ടിടങ്ങൾ

∙ അടിയന്തര സഹായമെത്തിച്ച് ഇന്ത്യയടക്കം 70 ലോകരാജ്യങ്ങൾ. നന്ദി പറഞ്ഞ് തുർക്കി.

∙ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തന സംഘം. തിരച്ചിലിന് ഉപഗ്രഹാധിഷ്ഠിത സംവിധാനവും

∙ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ 13 രാജ്യങ്ങളും രംഗത്ത്.

∙ യുഎസിൽനിന്ന് 100 അംഗ വിദഗ്ധസംഘം.

∙ റഷ്യ അയച്ചത് 300 വിദഗ്ധരടങ്ങിയ 10 യൂണിറ്റ് രക്ഷാസംഘം.

∙ ഇസ്രയേൽ സേനയുടെ 150 എൻജിനീയർമാരും ഡോക്ടർമാരും അടങ്ങിയ സംഘം തുർക്കിയിലെത്തും.

∙ ഐക്യരാഷ്ട്രസംഘടനയോടും അംഗരാജ്യങ്ങളോടും സിറിയ സഹായം തേടി.

English Summary: Turkey, Syria Earthquake Live Updates: Death toll rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS