ADVERTISEMENT

അസാസ് (സിറിയ) ∙ ഭൂചലനത്തിൽ ജയിൽഭിത്തികൾ വിണ്ടുകീറിയതിനു പിന്നാലെയുണ്ടായ കലാപത്തിനിടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽപ്പെട്ട 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിക്കു സമീപം റജോയിലുള്ള ‘ബ്ലാക്ക് പ്രിസൺ’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപമുണ്ടാക്കിയപ്പോഴാണ് ഭീകരകുറ്റവാളികൾ അവിടെനിന്ന് രക്ഷപ്പെട്ടത്. ആകെ രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുള്ളത്. ഇതിൽ 1300 പേരും ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരാണ്. കുർദ് സേനകളിൽനിന്നുള്ളവരും ഇവിടെയുണ്ട്.

അതിശക്തമായ രണ്ട് ഭൂചലനങ്ങളാണ് ജയിൽ ഉൾപ്പെടുന്ന മേഖലയിൽ ഉണ്ടായതെന്നാണ് വിവരം. ഇതിൽ പ്രാദേശിക സമയം പുലർച്ചെ 4.17നുണ്ടായ ഭൂചലനത്തിന് 7.8 തീവ്രതയും ഉച്ചയ്ക്ക് 1.24നുണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ആദ്യ ഭൂകമ്പത്തിൽത്തന്നെ ജയിലിന്റെ ഭിത്തികൾക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഇതാണ് തടവുകാർക്ക് പുറത്തു ചാടാനും കലാപമുണ്ടാക്കാനും അവസരമായത്.

‘‘കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരിൽ ചിലർ കലാപമുണ്ടാക്കാൻ ശ്രമം നടത്തി. ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവരിൽ ചിലർ ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടു. ഇവർ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നു’ – സൈനിക ജയിലിലെ അധികൃതരിൽ ഒരാൾ പ്രതികരിച്ചു. അതേസമയം, രക്ഷപ്പെടാൻ സഹായിച്ചവർക്ക് ഭീകരർ വൻതോതിൽ സാമ്പത്തിക സഹായം നൽകിയതായും വിവരമുണ്ട്.

ജയിലിലുള്ള സഹ ഭീകരരെ രക്ഷിക്കുന്നതിനായി സിറിയയിലെ റാഖയിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഐഎസ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഭൂകമ്പത്തിന്റെ മറവിൽ റജോയിലെ ജയിലിൽനിന്ന് 20 ഐഎസ് ഭീകരർ രക്ഷപ്പെട്ടത്.

English Summary: Twenty members of ISIS escape Syria’s ‘Black Prison’ after earthquake devastates area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com