വികസനച്ചെലവ് ധൂർത്തെന്ന് ആക്ഷേപിക്കുന്നു; പ്രതിപക്ഷ സമരം ജനം നിരാകരിക്കും: മുഖ്യമന്ത്രി

cm-pinarayi-vijayan-01
പിണറായി വിജയൻ (Screengrab: Manorama News)
SHARE

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസിനെതിരായ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണവില നിർണയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരെ കോൺഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എണ്ണക്കമ്പനികൾക്ക് തരാതരം പോലെ വില കൂട്ടാൻ അധികാരം നൽകിയവരാണ് ഇരു പാർട്ടികളും. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനത്തിന് യുഡിഎഫ് സർക്കാർ ഒരു രൂപ നികുതി ഈടാക്കി. ഇന്നത്തേക്കാൾ പകുതിക്കടുത്ത് വില മാത്രമേ ഇന്ധനത്തിന് ഉണ്ടായിരുന്നുള്ളൂ. ഞെരുക്കി തോൽപ്പിക്കാൻ കേന്ദ്രസർക്കാരും അതിനു കുടപിടിക്കാൻ യുഡിഎഫും എന്നതാണ് അവസ്ഥ.

ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. അവർ ഇതൊന്നും മുഖവിലയ്ക്കെടുക്കില്ല. കേന്ദ്രത്തിന്റെ നയങ്ങളാണ് നികുതി വർധനവിലേക്കു നയിച്ചത്. കേരളം കടക്കെണിയിലാണെന്നും ധനധൂർത്താണെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞു. 2020–21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021–22ൽ 37.01 ശതമാനമായി കുറഞ്ഞു. 2022–23ൽ 36.38 ശതമാനമായി.

കോവിഡ് കാലത്ത് ജനക്ഷേമത്തിനായി വായ്പ എടുത്തത് എന്തോ ആക്ഷേപമായി ചിത്രീകരിക്കപ്പെട്ടു. കടം മാത്രമേ ഉള്ളൂ വരുമാനം ഇല്ലെന്നായിരുന്നു പ്രചാരണം. സംസ്ഥാനത്തിന്റെ കടം കുതിച്ചുയരുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. 2022–23ൽ കടത്തിന്റെ വളർച്ച 10.3 ശതമാനമായിരുന്നു. 2023–24ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. സംസ്ഥാനത്തിന്റെ വരുമാനവും വർധിച്ചു. തനതു നികുതി വരുമാനത്തിൽ 2021–22ൽ 22.41 ശതമാനം വർധനയുണ്ടായി. ജിഎസ്ടിയിൽ 2021–22ൽ 20.68 ശതമാനമാണ് വർധന.

2022–23ൽ ജിഎസ്ടിയിൽ 25.11 ശതമാനം വർധനയുണ്ടായി. ഇതു സർക്കാരിന്റെ കാര്യക്ഷമതയുടെ തെളിവാണ്. യാഥാർഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സർക്കാർ അലംഭാവം കാണിച്ചതു കൊണ്ടല്ല, കേന്ദ്ര സമീപനത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രതിസന്ധിക്കു കാരണം. കേന്ദ്രം വായ്പാ പരിധി അനുവദിച്ചത് 4 ശതമാനമായിരുന്നു. ഇത് 3 ശതമാനമാക്കി. ധനക്കമ്മിയിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റേത് യുക്തിരഹിത നടപടിയാണ്. 1100 കോടി രൂപയുടെ അർഹതപ്പെട്ട ഗ്രാന്റ് കേന്ദ്രം നിരാകരിച്ചു. 

വികസനച്ചെലവിനെ ധൂർത്തെന്നു വിളിച്ച് ആക്ഷേപിക്കുകയാണ്. മന്ത്രിമാരുടെ നാമമാത്രമായ ചെലവിനെ ധൂർത്തെന്ന് വിളിക്കുന്നു. റവന്യൂ എസ്റ്റിമേറ്റിന്റെ 0.0087 ശതമാനം മാത്രമാണ് മന്ത്രിമാരുടെ ചെലവ്. സംസ്ഥാന സർക്കാരിനെ താ‌റടിക്കാനാണ് ധൂർത്തെന്ന പ്രചാരണം. കിഫ്ബിക്ക് ബജറ്റ് വിഹിതം നൽകിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കിഫ്ബിക്ക് വകയിരുത്തൽ 2810 കോടി രൂപയാണ്. കിഫ്ബി അപ്രസക്തമെന്ന പ്രതിപക്ഷ വാദം അസംബന്ധമാണ്. കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

English Summary: CM Pinarayi Vijayan Press conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS