ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തിയത്. ജിഎസ്ടി കൃത്യമായി അടയ്ക്കുന്നില്ലെന്നാണ് അദാനി വിൽമർ ഗ്രൂപ്പിനെതിരെയുള്ള പരാതി. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടി.
കഴിഞ്ഞ അഞ്ചുവർഷമായി അദാനി വിൽമർ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ല എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഓഹരിക്കാര്യത്തിൽ ക്രമക്കേട് ആരോപിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനുപിന്നാലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികൾ സംശയനിഴലിൽ ആയിരുന്നു.
ഹിമാചൽ പ്രദേശിൽ ആകെ ഏഴു കമ്പനികളാണ് അദാനിയുടേതായി പ്രവർത്തിക്കുന്നത്. ഫെബ്രുവരി എട്ടിനു വന്ന ഡിസംബർപാദ ഫലങ്ങളിൽ ലാഭം 16% വർധിച്ച് 246.16 കോടി രൂപയായി ഉയർന്നു. സിംഗപ്പൂർ ആസ്ഥാനമായ വിൽമർ കമ്പനി, ഫോർച്യൂൺ ബ്രാൻഡിന്റെ പേരിൽ തുല്യ പാർട്ണർഷിപ്പിലാണ് അദാനി ഗ്രൂപ്പുമായി ചേർന്ന് ഭക്ഷ്യ എണ്ണയും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും പുറത്തിറക്കുന്നത്.
നികുതി വകുപ്പ് പതിവ് പരിശോധന നടത്തിയതാണെന്നും റെയ്ഡ് അല്ലെന്നും അദാനി വിൽമർ ഗ്രൂപ്പ് പ്രതികരിച്ചു. പരിശോധനയ്ക്കു ജീവനക്കാർ പിന്തുണ നൽകി. പ്രവർത്തനങ്ങളിലും ഇടപാടുകളിലും ക്രമക്കേടുകളൊന്നും അധികൃതർ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
English Summary: Adani Wilmar Raided Over Allegations Of GST Violations in Himachal