ADVERTISEMENT

ഇസ്തംബുൾ∙ തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്റെ സങ്കടക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെടവരുടെ കണ്ണീർക്കാഴ്ചകൾ പലതും പുറത്തുവരുന്നുണ്ട്.

എന്നാൽ സിറിയയിൽനിന്നു കഴിഞ്ഞദിവസം പുറത്തുവന്ന ഒരു ദൃശ്യം രക്ഷാപ്രവർത്തകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെൺകുട്ടി, തകർന്നുവീണ കോണ്‍ക്രീറ്റ് കഷ്ണം സഹോദരന്‍റെ തലയിൽ വീഴാതിരിക്കാൻ താങ്ങിപ്പിടിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലായത്. 17 മണിക്കൂറോളം ഇത്തരത്തില്‍ കഴിഞ്ഞ സഹോദരങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗബ്രിയേസസ്, ഐക്യരാഷ്ട്ര സംഘടനാ മേധാവി മുഹമ്മദ് സഫ ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവച്ച് പെൺകുട്ടിയെ അഭിനന്ദിച്ചു ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്. ‘‘17 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നപ്പോൾ രക്ഷിക്കാൻ അനുജന്റെ തലയിൽ കൈവച്ചുകിടക്കുന്ന ഏഴു വയസ്സുകാരി. ചിത്രം ആരും പങ്കുവയ്ക്കുന്നതായി കാണുന്നില്ല. അവൾ മരിച്ചാൽ ചിലപ്പോൾ എല്ലാവരും ഷെയർ ചെയ്യുമായിരുന്നു. പോസിറ്റിവിറ്റി പങ്കിടുക!”– മുഹമ്മദ് സഫ ട്വീറ്റ് ചെയ്തു.

നേരത്തെ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു നവജാത ശിശുവിനെ രക്ഷിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോ‍ൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മു‍ൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്.

English Summary: "Brave Girl": WHO Chief On Viral Video Of Syrian Girl Shielding Brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com