ADVERTISEMENT

ന്യൂഡൽഹി ∙ 13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഏവരും ഉറ്റുനോക്കിയിരുന്ന മഹാരാഷ്ട്ര ഗവർണറായി ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ നിയമിച്ചതാണു ഇതിൽ പ്രധാനം. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണു രമേശ് ബയ്സിന്റെ നിയമനം. സി.പി.രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ.

ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. അരുണാചൽ പ്രദേശ് ഗവർണർ ബ്രിഗേഡിയർ ബി.ഡി.മിശ്രയെ ല‍ഡാ‌ക്ക് ലഫ്. ഗവർണറാക്കി. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും. ആന്ധ്രപ്രദേശ് ഗവർണറായിരുന്ന ബിശ്വഭൂഷൺ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുൽ നസീർ ആണ് ആന്ധ്രയുടെ പുതിയ ഗവർണർ. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്കു മാറ്റി. മണിപ്പുർ ഗവർണർ ലാ. ഗണേശനെ നാഗാലാൻഡിൽ നിയമിച്ചു. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണു ബിഹാറിലേക്കു വരുന്നത്. 

മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിനിരയായിരുന്നു ഭഗത് സിങ് കോഷിയാരി. തുടർന്ന്, രാജി വയ്ക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവർണർതന്നെ വ്യക്തമാക്കി. രാഷ്ട്രീയ, ഭരണ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നും എഴുത്തും വായനയുമായി വിശ്രമിക്കാൻ അനുവദിക്കണമെന്നാണ് അഭ്യർഥിച്ചത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമാണ് കോഷിയാരി. ഉത്തരാഖണ്ഡിൽ ബിജെപിയുടെ ആദ്യ പ്രസിഡന്റും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന, മുതിർന്ന ആർഎസ്എസ് നേതാവായ അദ്ദേഹം 2019 സെപ്റ്റംബറിലാണു ഗവർണറായി ചുമതലയേറ്റത്.

English Summary: President Murmu appoints new Governors in 13 states- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com